ശ്വാസകോശത്തില്‍ കുടുങ്ങിയ വിസില്‍ ശസ്ത്രക്രിയയില്ലാതെ പുറത്തെടുത്തു

കോഴിക്കോട്: നാലു വയസുകാരന്റെ ശ്വാസകോശത്തില്‍ മൂന്നു മാസമായി കുടുങ്ങിക്കിടന്ന വിസില്‍ ശസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തു. തിരൂരങ്ങാടി സ്വദേശി മുഹമ്മദ് സായന്റെ ശ്വാസകോശത്തില്‍ വിസില്‍ കുടുങ്ങുന്നത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ്.
എന്നാല്‍ ഇത് തിരിച്ചറിഞ്ഞിരുന്നില്ല. ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും ശ്വസിക്കുമ്പോള്‍ ശബ്ദവും ഉണ്ടായതിനെ തുടര്‍ന്ന് സമീപത്തുള്ള ഡോക്ടറെ കണ്ട് ചികിത്സ തേടി. താല്‍ക്കാലിക ശമനം ലഭിച്ചുവെങ്കിലും തുടര്‍ച്ചയായ ചുമയും ശ്വാസനാളിക്ക് ഇന്‍ഫെക്ഷനും മൂലം കഷ്ടപ്പെടുകയായിരുന്നു മുഹമ്മദ് സായന്‍. വിവിധ ആസ്പത്രികളില്‍ ചികിത്സിച്ചെങ്കിലും ചുമയുടെ കാരണം കൃത്യമായി കണ്ടെത്താനായില്ല. തുടര്‍ന്നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെത്തിയത്. ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് സര്‍ജന്‍ ഡോ. ജൂഡ് ജോസഫിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം വലത് ശ്വാസകോശത്തില്‍ തറഞ്ഞിരിക്കുന്ന വിസില്‍ സിടി സ്‌കാനിലൂടെ കണ്ടെത്തി. എന്നാല്‍ മൂന്ന് മാസത്തിലേറെയായി ശ്വാസകോശത്തിലെത്തിയ വിസിലിന് ചുറ്റും കോശങ്ങള്‍ വളര്‍ന്ന് ഉറച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു.
അടിയന്തരഘട്ടത്തില്‍ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം എന്ന് കുട്ടിയുടെ മാതാപിതാക്കന്മാരെ ബോധ്യപ്പെടുത്തി ബ്രോങ്കോസ്‌കോപിയിലൂടെ വിസില്‍ പുറത്തെടുക്കാനുള്ള ശ്രമം തുടങ്ങി. ഏറെ ശ്രമകരമായ ബ്രോങ്കോസ്‌കോപിയിലൂടെ വിസില്‍ വിജയകരമായി നീക്കം ചെയ്യാന്‍ സാധിച്ചതായി ഡോ. ജൂഡ് ജോസഫ് പറഞ്ഞു.

SHARE