ന്യൂയോര്‍ക്ക്: വൈറ്റ്ഹൗസിലെ കോവിഡ് 19 ബാധ കൂടുതല്‍ രൂക്ഷമാകുന്നതായി സൂചന. കഴിഞ്ഞ ദിവസങ്ങളിലായി വൈറ്റ്ഹൗസിലെ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈറ്റ്ഹൗസ് കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ. ആന്റണി ഫൗസി അടക്കം മൂന്നുപേര്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. കോവിഡ് ബാധിച്ച വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥയുമായി സമ്പര്‍ക്ക സാധ്യത കണക്കിലെടുത്താണ് ക്വാറന്റീന്‍.
അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ കൂടിയായ ഡോ. ഫൗസി കൊറോണ പ്രതിരോധസേന (ടാസ്‌ക് ഫോഴ്‌സ്) പ്രധാന അംഗമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പത്രസമ്മേളനങ്ങളിലെ സ്ഥിരസാന്നിധ്യമാണ് സോക്ടര്‍ ഫൗസി. എന്‍ഐഐഡി ഡയറക്ടറായ 79 കാരനായ ഫൗസിയുടെ ആദ്യ പരിശോധന നെഗറ്റീവാണ്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ സ്ഥിരമായി പരീക്ഷിക്കുമെന്ന് വൈറ്റ്ഹൗസ് മെഡിക്കല്‍ ടീം അറിയിച്ചു.
ഫൗസിയെ കൂടാതെ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ്ഫീല്‍ഡ്, ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ സ്റ്റീഫന്‍ ഹാന്‍ എന്നിവരാണ് ക്വാറന്റീല്‍ പ്രവേശിച്ച ടാസ്‌ക്‌ഫോഴ്‌സ് അംഗങ്ങള്‍.
വൈറ്റ്ഹൗസില്‍ ഇതുവരെ മൂന്ന് പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ തുടര്‍ന്ന് ദിവസേനയുള്ള പരിശോധനകള്‍ കൂടുതല്‍ ജാഗ്രതയോടെയാണ് നടത്തുന്നത്. വെള്ളിയാഴ്ച്ചയാണ് യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന‍്റെ പ്രസ് സെക്രട്ടറി കെയ്റ്റ് മില്ലറിന് കോവിഡ് സ്ഥിരീകരിച്ചത്. കെയ്റ്റ് പെൻസുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയിട്ടുണ്ടെന്ന് പ്രസിഡന്റ് ട്രംപ് തന്നെ വ്യക്തമാക്കിയിരുന്നു.
ഇവാൻക ട്രംപിന്റെ സഹായിക്കും കഴിഞ്ഞ ദിവസം കോവിഡ‍് സ്ഥിരീകരിച്ചിരുന്നു. ഇവാൻകയുമായി ഇവർ അടുത്ത് ഇടപഴകിയിട്ടില്ലെന്നും ഇവാൻകയ്ക്ക് കോവിഡ് നെഗറ്റീവ് ആണെന്നുമാണ് വൈറ്റ്ഹൗസ് അറിയിച്ചിരിക്കുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ പരിചാരകരില്‍ ഒരാള്‍ക്കാണ് ആദ്യമായി വൈറ്റ്ഹൗസില്‍ കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ വൈറ്റ്ഹൗസില്‍ കോവിഡ് ആശങ്ക പടരുകയായിരുന്നു. അതേസമയം, കോവിഡ് സ്ഥിരീകരിച്ച കെയ്റ്റിന്റെ ഭര്‍ത്താവ് സ്റ്റീഫന്‍ മില്ലര്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകരില്‍ പ്രധാനിയാണ്. ഇദ്ദേഹത്തിന് രോഗബാധയുണ്ടോ എന്നത് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടില്ല.