ബംഗളൂരു: വിദ്വേഷം പരത്തുന്ന ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെതിരായി ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍ നടന്ന് സംഘര്‍ഷത്തില്‍ മരണം മൂന്നായി. പ്രതിഷേധം വന്‍ അക്രമത്തിലേക്ക് നീങ്ങയതോടെ പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര് കൊല്ലപ്പെട്ടത്. 60 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പുലികേശിനഗര്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലിയുള്ള സംഘര്‍ഷമാണ് ഇന്നലെ അര്‍ദ്ധ രാത്രിയൊടെ ആക്രമത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാര്‍ എംഎല്‍എയുടെ വീട് ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ബംഗളൂരുവിലെ ഡിജെ ഹാലി പ്രദേശത്ത് ഉണ്ടായ തീപിടുത്തത്തെയും നശീകരണത്തെയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പോസ്റ്റിട്ട എംഎല്‍എയുടെ ബന്ധുവായ നവീനെ അറസ്റ്റു ചെയ്തതായി ബംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു.
അതേസമയം, സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങുന്നതിനിടെ സമീപത്തെ ക്ഷേത്രത്തിന് കാവല്‍ നിന്ന് മുസ്ലീം യുവാക്കള്‍ മാതൃകയായി. ബൈരസാന്ദ്രയിലെ ആഞ്ജനേയ ക്ഷേത്രത്തിന് സംരക്ഷണം തീര്‍ത്ത യുവാക്കളുടെ വീഡിയോ ഇതിനകം വൈറലായിരിക്കുകയാണ്. പ്രതിഷേധം കൈവിട്ട് അക്രമത്തിലേക്ക് നീങ്ങിയതോടെ നിരവധി വാഹനങ്ങളും മറ്റും അഗ്നിക്കിരയായ സംഘര്‍ഷത്തിനിടെയാണ് മുസ്ലിം യുവാക്കള്‍ ക്ഷേത്രത്തിന് സംരക്ഷണം തീര്‍ത്തത്.
ഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന് മതവിദ്വേഷം വളര്‍ത്തുന്ന വിവാദ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതോടെ ചൊവ്വാഴ്ച രാത്രി നൂറുകണക്കിനുപേര്‍ ശ്രീനിവാസമൂര്‍ത്തിയുടെ വീടിനുമുന്നില്‍ തടിച്ചുകൂടുകയായിരുന്നു. പിന്നാലെ അര്‍ദ്ധരാത്രിയോടെ ചിലര്‍ എംഎല്‍എയുടെ വീടിനുനേറെ കല്ലേറ് നടത്തുകയും അക്രമണം അഴിച്ചുവിടുകയുമുണ്ടായി. പിന്നാലെ അക്രമികള്‍ തുടര്‍ന്ന് ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനിലേക്കും പ്രതിഷേധം നടത്തി. ഇതിനിടെ അര്‍ദ്ധരാത്രിയോടെ വിവിധ നേതാക്കള്‍ സ്ഥലത്തെത്തുകയും അക്രമം ശമിപ്പിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി അക്രമികളെ അടിച്ചോടിക്കുകയുമായിരുന്നു. അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീകെടുത്തിയത്. പുലർച്ചെ രണ്ട് മണിയോടെ സ്ഥിതി നിയന്ത്രണവിധേയമാക്കി. കലാപവും തീകൊളുത്തലും നിയമത്തിന് വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബോംമൈ പറഞ്ഞു.
സംഘര്‍ഷത്തെ തുടര്‍ന്ന് കെജി ഹള്ളി, ഡിജെ ഹള്ളി പോലീസ് സ്റ്റേഷന് പരിധികളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നൂറിലേറെ പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബെംഗളൂരുവില്‍ ഡിജെ ഹാലി പോലീസ് സ്റ്റേഷന് അക്രമവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ നേതാവായ മുസാമില്‍ പാഷയെ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) കണ്‍വീനര്‍ മുജാഹിദ് പാഷയാണ് ഇക്കാര്യം അറിയിച്ചത്.