റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പില്‍ തിക്കും തിരക്കും; മൂന്നു മരണം

ധാക്ക: ബംഗ്ലാദേശില്‍ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലും മൂന്നുപേര്‍ മരിച്ചു. രണ്ടു കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. ദുരിതാശ്വാസ സാമഗ്രികളുമായെത്തിയ ട്രക്കുകളില്‍നിന്ന് ഭക്ഷണവും വസ്ത്രവും ശേഖരിക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. കോക്‌സ് ബസാറില്‍ പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളാണ് തമ്പടിച്ചിരിക്കുന്നത്. അതേസമയം റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുടെ എണ്ണം നാലു ലക്ഷം കവിഞ്ഞതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ആഗസ്റ്റ് 25ന് അക്രമങ്ങള്‍ തുടങ്ങിയ ശേഷം ഓരോ ദിവസവും പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളാണ് അതിര്‍ത്തി കടന്ന് ബംഗ്ലാദേശില്‍ എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സഹായം നല്‍കണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.