മൂന്ന് പെണ്‍മക്കളെ കിണറ്റില്‍ എറിഞ്ഞു കൊന്നു; പിതാവ് ആത്മഹത്യ ചെയ്തു

രാജ്‌കോട്ട്: നാലാമതും ജനിച്ചത് പെണ്‍കുട്ടിയായതില്‍ രോഷം പൂണ്ട് പിതാവ് മൂന്ന് മക്കളെ നൂറടി താഴ്ചയുള്ള കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ജുനാഗാദ് ജില്ലയിലെ ഖംബലിയായിലാണ് ദാരുണ സംഭവം ഉണ്ടായത്.

ഗ്രാം രക്ഷക് ദള്‍ ജവാനായ റാസിക് സോളങ്കി (36)യാണ് മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. മൂന്ന് പെണ്‍മക്കള്‍ക്ക് ശേഷം ഒരു ആണ്‍കുട്ടിക്കായി സോളങ്കി വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഭാര്യ നാലാമതും പെണ്‍കുട്ടിയെ പ്രസവിച്ചത് സോളങ്കിയെ മാനസികമായി തകര്‍ത്തു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് സോളാങ്കിയുടെ ഭാര്യ നാലാമത്തെ മകള്‍ക്ക് ജന്മം നല്‍കിയത്. കഴിഞ്ഞ ദിവസം റിയ (8), അഞ്ജലി (7), ജല്‍പ (3) എന്നീ മൂത്ത മക്കളെ റാസിക് സോളങ്കി ബൈക്കില്‍ കയറ്റി കൊണ്ട് പോയി. ലാല്‍ജി ഭുവ എന്നയാളുടെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലത്തെത്തിയപ്പോള്‍ കുട്ടികളെ ഓരോരുത്തരെയായി നൂറടി താഴ്ചയുള്ള കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. കുട്ടികളെ കിണറ്റിലേക്ക് എറിഞ്ഞ ശേഷം റാസിക് സ്വയം മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു.

SHARE