യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഹസനെ വെട്ടിയ കേസ്; മൂന്നു സി.പി.എമ്മുകാര്‍ പിടിയില്‍

കായംകുളം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈല്‍ ഹസനെ വെട്ടിയ കേസില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍. കറ്റാനം അരീപ്പുറത്ത് എ.എം.ഹാഷിം (45), കറ്റാനം കുഴിക്കാല തറയില്‍ സതീശന്‍ (46), കറ്റാനം സത്യാലത്തില്‍ കണ്ണന്‍ (22) എന്നിവരാണ് പിടിയിലായത്. വെട്ടാന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ സഹോദരനാണ് ഹാഷിം. സതീശന്‍ ഹാഷിമിന്റെ സ്ഥാപനത്തിലെ ജോലിക്കാരനാണ്.

ചൊവ്വാഴ്ച രാത്രി പത്തിന് മങ്ങാരം ജങ്ഷന് സമീപമായിരുന്നു സംഭവം. മണ്ഡലം പ്രസിഡന്റ് ഇഖ്ബാലുമൊത്ത് നാമ്പുകുളങ്ങരയില്‍നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ സുഹൈല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
ഇരുവരും സഞ്ചരിച്ച സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആക്രമണം. വെട്ടറ്റതോടെ സുഹൈല്‍ വാഹനത്തില്‍നിന്ന് ഇറങ്ങി ഓടി. പിന്നീട് അക്രമികള്‍ ഇഖ്ബാലിന് നേരെ തിരിഞ്ഞതോടെ ഇയാള്‍ സ്‌കൂട്ടറില്‍തന്നെ രക്ഷപ്പെട്ട് വള്ളികുന്നം സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. സമീപത്തെ പുരയിടത്തിലേക്ക് ഓടിരക്ഷപ്പെട്ട സുഹൈലിനെ പൊലീസ് എത്തിയാണ് കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചത്.

സംഭവത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നുമാണ് പാര്‍ട്ടി മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നിലപാട്. സുഹൈലിനെ വെട്ടി പരുക്കേല്‍പിച്ചതു സതീശനാണെന്നും ആക്രമണം ആസൂത്രണം ചെയ്തതും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചതും ഹാഷിമാണെന്നുമാണ് പൊലീസ് നിഗമനം. സുഹൈലിനെ പിന്തുടര്‍ന്നെത്തിയ സ്‌കൂട്ടര്‍ ഓടിച്ചത് കണ്ണനായിരുന്നു.

സംഭവത്തില്‍ സംസ്ഥാനത്തൊട്ടാകെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. യു.ഡി.എഫ് എം.എല്‍.എമാരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. കോവിഡിനെതിരെ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ സി.പി.എം അക്രമം രാഷ്ട്രീയം കളിക്കുകയാണ് എന്നും യു.ഡി.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.