തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മൂന്ന് പേര് കൂടി മരിച്ചു. കാസര്‍കോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48), കോഴിക്കോട് കല്ലായി സ്വദേശി കോയ (56) എന്നിവരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങള് 47 ആയി.
ഇന്നലെ മരിച്ച കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റെയ്ഹാനത്ത് (55) നും കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ച റെയ്ഹാനത്തിന് സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഹൈറുന്നീസ. ഇവരുടെ ഉറവിടം വ്യക്തമല്ല. രണ്ടു ദിവസം മുമ്പാണ് ഹൈറുന്നീസക്ക് രോഗം സ്ഥിരീകരിച്ചത്. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് കാസര്‍കോടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ച് സ്രവം എടുത്ത് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തുന്നത്.
പനി ലക്ഷണങ്ങളോടെ 20നാണ് കല്ലായി സ്വദേശി കോയയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കൊല്ലത്ത് ചൊവ്വാഴ്ച രാത്രിയും ഒരാള്‍ മരണമടഞ്ഞു. മരിച്ച പുതുക്കുളം സ്വദേശിയായ ബി.രാധാകൃഷ്ണന് കോവിഡ് ബാധിച്ചിരുന്നതായി രാത്രിയോടെ സ്ഥിരീകരിച്ചിരുന്നു.