ഗുരുവായൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വധം; മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കിയ്യാരമുക്കില്‍ ഫായിസ്, തൈകകാട് കാര്‍ത്തിക്, ജിതേഷ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് ആനന്ദിനെ കൊലപ്പെടുത്തിയത്.

സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു ആനന്ദിനു നേരെ ആക്രമണമുണ്ടാവുന്നത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചിട്ടതിനുശേഷം ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി.പി.എം പ്രവര്‍ത്തകനായ ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്. നവംബര്‍ നാലിനായിരുന്നു ഫാസില്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷികം. അടുത്തിടെയാണ് ആനന്ദ് ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന ഗുരുവായൂര്‍, ഗുരുവായൂര്‍ ക്ഷേത്രം, പാവറട്ടി എന്നീ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ വരുന്ന ഗുരുവായൂര്‍ നഗരസഭ,ചാവക്കാട് നഗരസഭയുടെ ഏട്ടാം വാര്‍ഡ്, കണ്ടാണശ്ശേരി, വെങ്കിടങ്ങ്, മുല്ലശ്ശേരി,പാവറട്ടി, എളവള്ളി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കളക്ടര്‍ ചൊവ്വാഴ്ച്ച വരെ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.