നടന്‍ ഷെയ്ന്‍ നിഗത്തിന് വധഭീഷണി; അമ്മക്ക് പരാതി നല്‍കി

സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി യുവനടന്‍ ഷെയിന്‍ നിഗം രംഗത്ത്. താരസംഘടനയായ അമ്മയ്ക്കാണ് ഇതുസംബന്ധിച്ച് ഷെയിന്‍ നിഗം പരാതി നല്‍കിയത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍ നിഗം. കുര്‍ബാനി എന്ന ചിത്രത്തിനായി താന്‍ തലമുടി മുറിച്ചത് നിര്‍മാതാവായ ജോബിയെ പ്രകോപിപ്പിച്ചുവെന്നും ഇതാണ് വധഭീഷണിക്ക് കാരണമെന്നും ഇന്‍സ്റ്റഗ്രാമിലെ വീഡിയോയില്‍ ഷെയിന്‍ ആരോപിച്ചു. എന്നാല്‍ ഇത് സംഘടനയിലെ ആഭ്യന്തരവിഷയമാണെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമാണ് താരസംഘടനയായ അമ്മയുടെ നിലപാട്.

വെയില്‍ എന്ന ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മാതാവ് വധഭീഷണിയുമായി രംഗത്തെത്തിയത്. നവമാധ്യമങ്ങളിലൂടെ ഷെയ്‌നിനെതിരെ മോശപ്പെട്ട കുപ്രചാരണങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണ് ജോബി ജോര്‍ജ് തന്നോട് പറഞ്ഞതെന്ന് ഷെയ്ന്‍ പറഞ്ഞു. അമ്മ പ്രസിഡന്റിനു നല്‍കിയ കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ തെളിവുകളായ വോയ്‌സ് മെസേജും ഫോട്ടോയും സഹിതമാണ് ഷെയ്ന്‍ അമ്മക്ക് പരാതി നല്‍കിയത്.

SHARE