ഡല്‍ഹിയിലെ എകെജി സെന്ററിന് മുമ്പില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ ധൈര്യമുണ്ടോയെന്ന് യെച്ചൂരിക്കും കാരാട്ടിനും കുമ്മനത്തിന്റെ വെല്ലുവിളി

കൊച്ചി: ഡല്‍ഹിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ ധൈര്യമുണ്ടോ എന്ന് സിപിഎം നേതാക്കളായ സീതാറാം യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബീഫിന്റെ കാര്യം പറഞ്ഞ് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി പരിഹാസ്യമാണെന്നും കുമ്മനം കൊച്ചിയില്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്ക് ഡല്‍ഹിയിലെ എകെജി സെന്ററിന് മുമ്പില്‍ ബീഫ് വിളമ്പാന്‍ ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

ബീഫ് വിഷയത്തില്‍ കേരളത്തില്‍ നടമാടുന്നതു പോലെ ഭ്രാന്തവും ഭീകരവുമായ പ്രകടനങ്ങളും പോര്‍വിളികളും മറ്റു സംസ്ഥാനങ്ങളില്ല. പശുക്കുട്ടിയെ നടുറോഡില്‍ വെട്ടിക്കൊന്ന സമാരാഭാസം ഏത് ആശയത്തിന്റെ പേരിലാണെന്ന് മഹാത്മജിയുടെ പൈതൃകം അവകാശപ്പെടുന്ന കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.