തൂത്തുക്കുടി വെടിവെപ്പ്: പൊലിസിന്റേത് ആസൂത്രിത ആക്രമണം തന്നെ; വീഡിയോ വീണ്ടും പുറത്ത്

ചെന്നൈ: സ്റ്റെര്‍ലൈറ്റ് വിരുദ്ധപ്രക്ഷോഭകര്‍ക്കെതിരെ പൊലിസ് നടത്തിയത് ആസൂത്രിത ആക്രമണമാണെന്നതിന് തെളിവുമായി വീണ്ടുംവീഡിയോ ദൃശ്യം. ആക്രമണങ്ങളുടെ കൂടുതല്‍ ദൃശ്യങ്ങളാണ് പുറത്തായിട്ടുള്ളത്. പൊലീസ് വീടുകളില്‍ കയറി സ്ത്രീകളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. പൂട്ടിയ വാതില്‍ പൊളിച്ച് അകത്തു കയറി പൊലീസ് മര്‍ദിച്ചെന്നും കുട്ടികളെയടക്കം പിടിച്ചുകൊണ്ടുപോയെന്നുമുള്ള പരാതികള്‍ ശക്തമാവുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തുവന്നത്.

യാതൊരു പ്രകോപനവുമില്ലാതെ വാഹനത്തിനു മുകളില്‍ നിന്ന് പൊലീസ് വെടിയുതിര്‍ക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തായിരുന്നു.
തുത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളില്‍ ഞായറാഴ്ച വരെ ഇന്റര്‍നെറ്റ് ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകള്‍ക്ക് തടയിടാനാണ് ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

 

തൂത്തുക്കുടിയില്‍ സംഘര്‍ഷാവസ്ഥക്ക് അയവില്ല. ജില്ലയില്‍ നിരോധനാജ്ഞ തുടരുകയാണ്. അതിനിടെ സ്റ്റെര്‍ലൈറ്റിന്റെ വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ തമിഴ്‌നാട് മലിനീകരണ നിയന്ത്രണബോര്‍ഡ് ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിര്‍ദേശം.