തകര്‍ന്ന മലദ്വാരം, പിന്‍ഭാഗം പൊട്ടിയടര്‍ന്ന നിലയില്‍; നിര്‍ണായക മൊഴി ഇങ്ങനെ…

ചെന്നൈ: തമിഴ്‌നാട് തൂത്തുക്കുടിയില്‍ അച്ഛനും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ മൊഴി പുറത്ത്. ഇരുവരും രാത്രി മുഴുവന്‍ നീണ്ട ക്രൂരമര്‍ദനങ്ങള്‍ക്കൊടുവിലാണ് കൊല്ലപ്പെട്ടതാണെന്നാണ് മൊഴി. കോവില്‍പെട്ടി മജിസ്‌ട്രേട്ടിന് സ്‌റ്റേഷനിലെ വനിത പൊലീസുകാരിയാണ് നിര്‍ണായക മൊഴി നല്‍കിയത്. മരിച്ച ബെന്നിക്‌സിന്റെ ശരീരത്തില്‍ 20ഉം ജയരാജിന്റെ ശരീരത്തില്‍ 15 ഉം മരണകാരണമായേക്കാവുന്ന മുറിവുകളുണ്ടെന്ന് മജിസ്‌ട്രേട്ട് നടത്തിയ ഇന്‍ക്വസ്റ്റ് പരിശോധനയില്‍ കണ്ടെത്തി. അതിനിടെ ഹൈക്കോടതി ഉത്തരവനുസരിച്ച് കേസന്വേഷണം സിബിസിഐഡി വിഭാഗം ഏറ്റെടുത്തു.

ഇരുവരും കൊല്ലപ്പെട്ട സാത്താന്‍കുളം സ്‌റ്റേഷനിലെ വനിത ഹെഡ് കോണ്‍സ്റ്റബിളാണ് നിര്‍ണായക മൊഴി നല്‍കിയത്. കഴിഞ്ഞ പത്തൊന്‍പതിനു കസ്റ്റഡിയിലെടുത്ത ഇരുവരെയും രാത്രി മുഴുവന്‍ മര്‍ദിച്ചു. മര്‍ദനത്തിനായി പിടിച്ചുകിടത്തിയ ബെഞ്ചില്‍ പലഭാഗങ്ങളിലായി ചോരത്തുള്ളികളുണ്ടായിരുന്നു. ലാത്തിയില്‍ ചോര കട്ടപിടിച്ചു കിടന്നു. മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം ലാത്തിയും ബെഞ്ചും തുടച്ചുവൃത്തിയാക്കിയതു താനാണെന്നുമാണ് മൊഴി. ഈ ലാത്തി പിന്നീട് മജിസ്‌ട്രേട്ട് പിടിച്ചെടുത്തു. മരിച്ച ബെന്നിക്‌സിന്റെ ശരീരത്തില്‍ ഇരുപതിലേറെ സാരമായ മുറിവുകളുണ്ട്. പിന്‍ഭാഗത്ത് ബൂട്ടിട്ട് ചവിട്ടിയ പാടുകളുണ്ട്. ലാത്തി പോലുള്ളവ ഉപയോഗിച്ച മര്‍ദിച്ചതിനെ തുടര്‍ന്ന്. മലദ്വാരം തകര്‍ന്ന നിലയിലായിരുന്നു. ജയരാജിന്റെ ശരീരത്തില്‍ 15 ല്‍ അധികം വലിയ മുറിവുകളും പിന്‍ഭാഗം പൊട്ടിയടര്‍ന്ന നിലയിലുമാണെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഇവ മരണകാരണമാകുമെന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ മൊഴി നല്‍കി. ഹൈക്കോടതി നിര്‍ദേശ പ്രകാരം തിരുനല്‍വേലി െ്രെകം ബ്രാഞ്ച് സി.ഐ.ഡി വിഭാഗം കേസന്വേഷണം ഏറ്റെടുത്തു. കോവില്‍പെട്ടി മജിസ്‌ട്രേട്ടിന്റെ മജിസ്റ്റീരിയല്‍ അന്വേഷണവും തുടരുകയാണ്.

ഇന്നലെ വൈകീട്ട് സാത്താന്‍കുളം സ്‌റ്റേഷനിലും ജനറല്‍ ആശുപത്രിയിലും മജിസ്‌ട്രേട്ട് നേരിട്ടെത്തി തെളിവെടുത്തു. അതിനിടെ മജിസ്‌ട്രേട്ടിനെ ഭീഷണിപെടുത്തിയ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനങ്ങള്‍ തെറിച്ചു. തൂത്തുക്കുടി എഎസ്പി ഡി.കുമാര്‍, ഡിഎസ്പി. സി.പ്രതാപന്‍ എന്നിവരെ മാറ്റി. പകരം നിയമനം നല്‍കിട്ടില്ല.

SHARE