ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ കൂടുതല്‍ നടപടി. എ.എസ്.പി ഡി. കുമാറിനെയും ഡി.എസ്.പി പ്രതാപനെയും സ്ഥലം മാറ്റി. കോണ്‍സ്റ്റബിള്‍ മഹാരാജനെ സസ്‌പെന്‍ഡ് ചെയ്തു . മജിസ്റ്റീരിയല്‍ അന്വേഷണം തടസപ്പെടുത്തിയതിനും ദൃശ്യങ്ങള്‍ പകര്‍ത്തിയതിനുമാണ് നടപടി. മൂന്ന് പേരും രാവിലെ 10:30ന് മുന്‍പായി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ലോക്‌ഡൌണ്‍ ലംഘിച്ച് മൊബൈല്‍ കട തുറന്ന്പ്രവര്‍ത്തിപ്പിച്ചുവെന്നതിന്റെ പേരിലാണ് സാത്താംകുളം സ്വദേശികളായ ജയരാജനെയും മകന്‍ ബെന്നിക്‌സിനെയും പൊലിസ് അറസ്റ്റു ചെയ്തത്. ജൂണ്‍ 19നായിരുന്നു സംഭവം. പോലീസ് കസ്റ്റഡിയിലെ കൊടും പീഡനത്തിന് ശേഷം ജയിലില്‍ കഴിയുകയായിരുന്ന ബെന്നിക്‌സ് 22നും പിതാവ് ജയരാജ് 23നുമാണ് മരിച്ചത്. സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം തുടരുകയാണ്.
സംഭവത്തില്‍ സാത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് തൂത്തുക്കുടി കലക്ടര്‍ സന്ദീപ് നന്ദൂരിയ്ക്ക് പൊലീസ് സ്റ്റേഷന്‍ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. നിലവിലുള്ള മുഴുവന്‍ രേഖകളും സീല്‍ ചെയ്യാനും ഉത്തരവുണ്ട്. ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍, തൂത്തുക്കുടി ജില്ലാ മജിസ്‌ട്രേട്ടാണ് കേസ് അന്വേഷണം നടത്തിയിരുന്നത്.
എന്നാല്‍, പൊലിസുകാര്‍ ഇതുമായി സഹകരിച്ചില്ല. ഇതാണ് കര്‍ശന നടപടിയ്ക്ക് കാരണം. കേസ് സിബിഐയ്ക്ക് കൈമാറാന്‍ കോടതിയുടെ അനുമതി ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പൊലിസ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീധറിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡു ചെയ്തിരുന്നു.