ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച് തോമസ് മുള്ളര്‍

ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പില്‍ പങ്കെടുക്കുന്ന ടീം ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം തോമസ് മുള്ളര്‍. കൈയില്‍ ബാറ്റുമായി ഇന്ത്യന്‍ ക്രിക്കറ്റ് ജഴ്‌സിയണഞ്ഞ ചിത്രത്തോടൊപ്പമാണ് മുള്ളര്‍ ഇന്ത്യക്ക് പിന്തുണ അറിയിച്ച് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തത്.

‘ലോകകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന എല്ലാ താരങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലിക്ക്’-മുള്ളര്‍ കുറിച്ചു. ജര്‍മന്‍ ഫുട്‌ബോളിനെ പലപ്പോഴും പിന്തുണച്ചിട്ടുള്ള ആളാണ് കോലി എന്നു ഓര്‍മിപ്പിച്ചാണ് മുള്ളറിന്റെ ആശംസാ ട്വീറ്റ്.

2014 ലോകകപ്പ് ഫുട്‌ബോളിലെ ചാമ്പ്യന്‍മാരായ ജര്‍മനി ടീമില്‍ മുള്ളര്‍ അംഗമായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് പോരാട്ടത്തിന് ദക്ഷിണാഫ്രിക്കക്കെതിരെ നാളെയാണ് ആരംഭം.

SHARE