ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി മന്ത്രിമാരായ ഐസകും സുധാകരനും

ആലപ്പുഴ: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും. വ്യാഴാഴ്ച്ച ആലപ്പുഴ എസ്.ഡിവി സെന്റിനറിഹാളിലെത്തിയ സ്വാമി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനെത്തിയപ്പോഴാണ് മന്ത്രിമാരെത്തിയത്. രാവിലെ പതിനൊന്നുമണിയോടെ സ്വാമി ദര്‍ശനം നല്‍കാനെത്തിയത്.

സ്വാമിയെ കാണാന്‍ മന്ത്രിമാര്‍ ഏറെനേരം കാത്തിരുന്നു. എത്തിയപ്പോള്‍ ആദ്യം ദര്‍ശനം നല്‍കിയത് ഇവര്‍ക്കായിരുന്നു. സ്വാമിയുടെ സെക്രട്ടറി മന്ത്രിമാരെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സ്വാമിക്ക് തളികയില്‍ പഴങ്ങള്‍ സമര്‍പ്പിച്ചു. കൂടാതെ പ്രസാദവും വാങ്ങി സ്വാമിയെ വണങ്ങിയാണ് സുധാകരന്‍ തിരിച്ചുപോന്നത്. തോമസ് ഐസക്കിന് പ്രസാദം നല്‍കുമ്പോള്‍ സ്വാമി ഒരു ആപ്പിള്‍ കൂടുതല്‍ നല്‍കുകയും അത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സംസ്ഥാന അതിഥിയായ ശൃംഗേരി മഠാധിപതിയെ വൈകിട്ട് മൂന്നരയോടെ പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് യാത്രയാക്കിയത്.

SHARE