ഐസക്കിന്റെ ഭക്ഷണശാലയുടെ വിളിപ്പാട് അകലെ ഇടത് തൊഴിലാളികളുടെ നേതൃത്വത്തില്‍  പട്ടിണി റാലി

ആലപ്പുഴ : കഴിഞ്ഞ ദിവസം ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ജനകീയ ഭക്ഷണശാലയുടെ വിളിപ്പാടകലെ  ഒഴിഞ്ഞ പാത്രങ്ങളുടെ തൊഴിലാളികളുടെ പട്ടിണി റാലി. സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി തുടങ്ങിയ ഇടത് സംഘടനകളുടെയും മറ്റും തൊഴിലാളി യൂണിയനുകള്‍ക്കും കീഴില്‍ കലവൂര്‍ എക്‌സല്‍ ഗ്ലാസ് ഫാക്ടറിയില്‍ തൊഴിലെടുക്കുന്ന തൊഴിലാളികളാണ് പട്ടിണി റാലിയുമായി രംഗത്ത് എത്തിയത്.
ധനകാര്യമന്ത്രിയും ആലപ്പുഴയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായിരുന്ന ടി.എം.തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എക്‌സല്‍ ഗ്ലാസിന്റെ പുനപ്രവര്‍ത്തനം സാദ്ധ്യമാക്കല്‍. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.എം കേന്ദ്രകമ്മറ്റിയംഗം കൂടിയായ ഐസക്ക് ഈ സ്ഥാപനത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നാണ് സി.ഐ.ടി.യു യൂണിയനില്‍പ്പെട്ടവര്‍ തന്നെ ആക്ഷേപം ഉന്നയിക്കുന്നത്. ആയിരത്തോളം തൊളിലാളി കുടുംമ്പങ്ങളുടെ ആശ്രയകേന്ദ്രം ഇത്രയും കാലം അടച്ചുപൂട്ടിയിട്ടും തൊഴിലാളികളുടെ ദൈന്യത കാണാന്‍ ആരും മുന്നോട്ടുവരുന്നില്ലെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു.
ആറ് വര്‍ഷകാലമായി അടഞ്ഞുകിടക്കുന്ന ജില്ലയിലെ പ്രധാന വ്യവസായശാല തുറക്കാനായി സര്‍ക്കാര്‍ മുന്‍കൈയ്യില്‍ ഒരു ശ്രമവും നാളിതുവരെ നടത്തിയിട്ടില്ല. അനുബന്ധയൂണിറ്റിലും താല്‍കാലിക തൊഴിലാളികളുമായി ആയിരത്തോളം തൊഴിലാളികള്‍ പണിയെടുത്തിരുന്ന സ്ഥാപനത്തോട് സര്‍ക്കാരിന് നിസ്സഗതയാണെന്ന് സമരസമിതി ആരോപിച്ചു.
തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരും സിപിഐയുടെ പ്രദേശിക നേതാക്കളും ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തിരുന്നു.
SHARE