സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിച്ചുരുക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

സര്‍ക്കാര്‍ നടപടി പ്രാദേശിക സര്‍ക്കാരുകളെ തകര്‍ക്കുന്നതാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായ സ്ഥിതിയാണെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച കെ.സി. ജോസഫ് പറഞ്ഞു. അതേസമയം ക്യൂവിലുണ്ടായിരുന്ന ബില്ലുകള്‍ക്കും ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍നിന്നും പണം വകയിരുത്തുകയാണെന്ന പ്രതിപക്ഷ നിലപാടിനെ ശരിവെച്ച ധനമന്ത്രി, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വേറെ വഴിയുണ്ടെങ്കില്‍ നിര്‍ദ്ദേശിക്കണമെന്നും പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കെ.സി.ജോസഫാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്. പണമില്ലാത്തതു കാരണം തദ്ദേശ സ്ഥാപനങ്ങളുടെ പല പദ്ധതികളും സ്തംഭിച്ചിരിക്കുകയാണെന്നും സ്പില്‍ ഓവറും ക്യൂ നിന്ന ബില്ലുകളുടെ തുകയും നല്‍കേണ്ടി വന്നതിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയാണെന്നും കെ.സി.ജോസഫ് പറഞ്ഞു. ധനകാര്യ വകുപ്പിന്റെ നിയന്ത്രണം കാരണം ഒരു വകുപ്പിനും മുന്നോട്ടുപോകാനാകുന്നില്ല.

ലോകബാങ്ക് അനുവദിച്ച വായ്പപോലും വകമാറ്റി ചെലവഴിക്കുന്നു. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പണം നല്‍കാതെ പ്രാദേശിക സര്‍ക്കാരുകളെ തകര്‍ക്കുകയാണെന്നും കെ. സി. ജോസഫ് പറഞ്ഞു.

കെ. സി.ജോസഫിന്റെ പ്രസംഗം ചെകുത്താന്‍ വേദമോതുന്നതുപോലെയാണെന്നായിരുന്നു മന്ത്രി തോമസ് ഐസക്കിന്റെ മറുപടി. കേന്ദ്രത്തില്‍നിന്നുള്ള നികുതി വരുമാനം കുറഞ്ഞു. തരാമെന്നു പറഞ്ഞ തുകയിലാണ് കേന്ദ്രം ഈ കുറവ് വരുത്തുന്നത്. വരുമാനത്തില്‍ 20,000 കോടിയുടെ കുറവുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അംഗീകരിച്ച പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കാനാകില്ല.

അംഗീകരിച്ച പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കാനാകില്ല. പദ്ധതികള്‍ക്ക് മുന്‍ഗണ നിശ്ചയിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ വകുപ്പുകളോട് നിര്‍ദേശിച്ചത് ഈ സാഹചര്യത്തിലാണ്. എങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വെട്ടിക്കുറച്ചിട്ടില്ല. കേരളത്തിന്റെ വായ്പാ പരിധി 6500 കോടി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് പരിഹാരമായി യഥാര്‍ത്ഥ ഉത്തേതക പാക്കേജ് നടപ്പാക്കുകയാണെങ്കില്‍ കേരളത്തിന് പ്രതീക്ഷയുണ്ട്. 2009ല്‍ നടപ്പാക്കിയ ഉത്തേചക പാക്കേജ് ആവര്‍ത്തിക്കുകയാണെങ്കില്‍ സംസ്ഥാനത്തിന് പ്രതീക്ഷക്ക് വകയുണ്ടെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്തുകളില്‍ വികസന പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്നും പഞ്ചായത്തുകളെ ഇടത് സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുകയാണെന്നും വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്നു പറഞ്ഞ ചെന്നിത്ത പൊട്ടിപ്പൊളിഞ്ഞ ഖജനാവുമായി നില്‍ക്കുന്ന ധനമന്ത്രി പഞ്ചായത്തുകളുടെ പണംകൂടി കൈക്കലാക്കുകയാണെന്ന് ആരോപിച്ചു.

ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍പോലും സര്‍ക്കാരിന് നടപ്പാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധികാര വികേന്ദ്രീകരണത്തിന് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ സര്‍ക്കാര്‍ അധികാര കേന്ദ്രീകരണത്തിനാണ് ശ്രമം നടത്തുന്നതെന്ന് എം.ഉമ്മര്‍ പറഞ്ഞു.
പഞ്ചായത്തുകളുടെ കൈയ്യും കാലും കെട്ടിയിട്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. പരിഹാരമുണ്ടാക്കുന്നതിന് പകരം പ്രതിസന്ധിക്ക് സര്‍ക്കാര്‍ മൂര്‍ച്ച കൂട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SHARE