തോമസ് ചാണ്ടിയുടെ രാജി; മലപ്പുറത്തുകാരി കളക്ടര്‍ ടി.വി അനുപമക്ക് കേരളത്തിന്റെ കയ്യടി

????????????????????????????????????

ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെയാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനത്തുനിന്നും രാജിവെച്ചൊഴിയുന്നത്. കുറച്ചു മണിക്കൂറുകള്‍ക്കുമുമ്പാണ് മന്ത്രിയുടെ രാജി പ്രഖ്യാപനമുണ്ടാവുന്നത്. തലസ്ഥാനത്ത് മണിക്കൂറുകള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിലായിരുന്നു മന്ത്രിയുടെ കീഴടങ്ങല്‍. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ മന്ത്രിയുടെ നിലപാടിനെ ചോദ്യം ചെയ്ത് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മറുഭാഗത്ത് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമക്ക് അഭിനന്ദന പ്രവാഹമായിരുന്നു. കളക്ടറേയും ഭൂമി കയ്യേറ്റം പുറത്തുകൊണ്ടുവന്ന ചാനല്‍ മാധ്യമപ്രവര്‍ത്തകനേയും കേരളം കയ്യടികളോടെ അഭിനന്ദിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ടി.വി പ്രസാദിന്റെ അന്വേഷണ പരമ്പരയാണ് തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റം പുറത്തുകൊണ്ടുവരുന്നത്. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്ത വന്നതോടെ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ കളക്ടറെ ചുമതലപ്പെടുത്തുകയായിരുന്നു. മന്ത്രി കായല്‍ കയ്യേറിയതും ഭൂനിയമലംഘനങ്ങള്‍ നടത്തിയതും ശരിവച്ചായിരുന്നു കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ഹൈക്കോടതിയില്‍ നിന്നും ചാണ്ടിക്ക് വിമര്‍ശനമേല്‍ക്കാന്‍ കാരണമായി. തുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ മന്ത്രിയുടെ രാജിയുണ്ടാവുന്നത്. രാജി പ്രഖ്യാപനമുണ്ടായതോടെ കളക്ടര്‍ക്ക് കയ്യടിയുമായി മലയാളികളെത്തി. പൊന്നാനി മാറഞ്ചേരി സ്വദേശിനിയായ ടി.വി അനുപമ കേരളത്തിലെ മികച്ച ഐ.എ.എസ് ഓഫീസര്‍മാരില്‍ ഒരാള്‍കൂടിയാണ്. കൈകുഞ്ഞുമായി പൊതുജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനെത്തുന്ന അനുപമ ആലപ്പുഴയില്‍ ഏറെ സ്വീകാര്യയാണ്. നേരത്തേയും അനുപമയുടെ നടപടികള്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി കമ്മീഷനറായിരിക്കെയുള്ള അനുപമയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. മായം ചേര്‍ത്ത വസ്തുക്കള്‍ വില്‍ക്കുന്നതിനെതിരെയും അമിത വിലക്കയറ്റത്തിനെതിരെയും എടുത്ത നടപടികള്‍ സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായിരുന്നു. കോഴിക്കോട് സബ് കലക്ടര്‍, കാസര്‍കോട് സബ് കലക്ടര്‍, തലശ്ശേരി സബ് കലക്ടര്‍, ആറളം െ്രെടബല്‍ ഡെവലപ്‌മെന്റ് മിഷന്‍ സ്‌പെഷ്യല്‍ ഓഫിസര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ എന്നീ പദവികളും അനുപമ മുമ്പ് വഹിച്ചിട്ടുണ്ട്.