തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ കേസ്; അഡീഷ്ണല്‍ അഡ്വക്കേറ്റ് ജനറലിനെ ഒഴിവാക്കി; എതിര്‍പ്പുമായി സി.പി.ഐ

തിരുവനന്തപുരം: ഗതാതഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ മാറ്റി. പകരം മറ്റൊരു അഭിഭാഷകനെ ചുമതലപ്പെടുത്തി. സി.പി.ഐ നോമിനിയായിരുന്ന രഞ്ജിത് തമ്പാനെ മാറ്റിയതില്‍ സി.പി.ഐക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രിയുടെ അഭിപ്രായം തഴഞ്ഞ് കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് അറിയുന്നു. എന്നാല്‍ ഇതില്‍ സി.പി.ഐ കടുത്ത പ്രതിഷേധത്തിലാണ്. അതിനിടയിലാണ് എ.എ.ജിയെ മാറ്റിയിരിക്കുന്നത്. ഇത് മുന്നണിയില്‍ വീണ്ടും സി.പി.എം-സി.പി.ഐ പോരിന് വഴിയൊരുക്കും.

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഹൈക്കോടതി റവന്യൂ വകുപ്പിന്റെ നിലപാട് ആരാഞ്ഞിരുന്നു. കയ്യേറ്റം സ്ഥിരീകരിക്കുന്ന കളക്ടറുടെ റിപ്പോര്‍ട്ട് വകുപ്പ് ഹൈക്കോടതിയില്‍ നല്‍കി. കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ഭാഗം നിര്‍ണായകമാണെന്നിരിക്കേ എ.എ.ജിയെ ഒഴിവാക്കിയതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നാണ് വിമര്‍ശനം.