മന്ത്രിസ്ഥാനത്ത് തിരിച്ചു വരും; വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമത്തിനും പഴി; രാജിയില്‍ വിശദീകരണവുമായി തോമസ് ചാണ്ടി

ആലപ്പുഴ: ഭൂമി കയ്യേറ്റ വിവാദത്തില്‍പെട്ട് ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി തോമസ്ചാണ്ടി. രാജിവെച്ചൊഴിഞ്ഞുവെന്നും മന്ത്രിസ്ഥാനത്ത് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഒരു ചാനല്‍ കള്ളം പറഞ്ഞ് തന്നെ പിന്തുടരുകയാണ്. പിന്നീടത് മറ്റു മാധ്യമങ്ങളും ഏറ്റെടുത്തു. അടിസ്ഥാന രഹിതമാണ് എല്ലാം. ചിലര്‍ മാത്രമാണ് സത്യം പറഞ്ഞിട്ടുള്ളതെന്നും തോമസ് ചാണ്ടി പറഞ്ഞു. കളക്ടര്‍ അനുപമ ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 90ശതമാനത്തോളം തെറ്റാണുള്ളത്. അബദ്ധം മനസ്സിലാക്കി പിന്നീട് സമര്‍പ്പിച്ചതില്‍ ജഡ്ജി ചില പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. ആ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് രാജിവെക്കുന്നത്. അത് വ്യക്തിയെന്ന നിലയില്‍ കൊടുത്തതായതുകൊണ്ടാണ് വിവാദമായത്. കമ്പനിയുടെ പേരിലാണെങ്കില്‍ അത്തരത്തിലുള്ള ആരോപണം ഉണ്ടാവില്ലായിരുന്നു. ആരോപണം ഉയര്‍ന്ന പാടത്ത് തനിക്ക് ഭൂമിയില്ല. അവിടെ ബന്ധുക്കള്‍ക്ക് മാത്രമാണ് ഭൂമിയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചുദിവസം മുമ്പുവരെ രാജിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ അതിലേക്ക് നയിക്കുകയായിരുന്നു. സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയില്‍ നിന്ന് അനുകൂലമായ സാഹചര്യമുണ്ടാവുകയാണെങ്കില്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരും. ഏ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനാവുകയാണെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനത്തെത്തും. സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചുവെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.