പ്രതിഷേധക്കാര്‍ക്ക് 500 രൂപ; ബി.ജെ.പിയുടെ വ്യാജപ്രചാരണത്തിന്റെ ഉറവിടം പുറത്തായി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ഷാഹീന്‍ ബാഗില്‍ നടക്കുന്ന വനിത പ്രതിഷേധ സമരത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രക്ഷോഭം കനക്കുമ്പോള്‍ നില്‍ക്കക്കള്ളിയില്ലാതെ ബിജെപി നേതൃത്വം. വിഭജന നിയമത്തിനെതിരെ രാജ്യം മുഴുവന്‍ തെരുവിലിറങ്ങുമ്പോള്‍ വ്യാജ വാര്‍ത്തയും പാക്കിസ്താന്‍ വാദവും വര്‍ഗീയ കാര്‍ഡുമിറക്കിയാണ് സംഘികള്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ വ്യജ പ്രചരണങ്ങളുടെ പൊള്ളപുറത്താകുന്നതോടെ ഭരണകൂടം കൂടുതല്‍ പരുങ്ങലിലാവുകയാണ്.

അത്തരമൊരു വ്യാജ പ്രചരണമായിരുന്നു ഷെഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ സമൂഹമാധ്യമം വഴി ബി.ജെ.പി ഐ.ടി സെല്‍ പടച്ചുവിട്ട പണം കൊടുക്കല്‍ പരിപാടി. ദിവസം 500-700 രൂപ നല്‍കുന്നത് കൊണ്ടാണ് ആളുകള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതെന്നായിരുന്നു ബിജെപിയുടെ പ്രചാരണം.

എന്നാല്‍ ബിജെപിയുടെ വ്യാജപ്രചാരണത്തിന്റെ ഗുട്ടന്‍സ് ഉദിച്ചത് എവിടെനിന്നാണെന്ന് തുറന്നുകാട്ടുകയാണിപ്പോള്‍ സോഷ്യല്‍മീഡിയ.
അമിത് ഷായുടെ റാലികളില്‍ പങ്കെടുക്കാനായി ആളുകള്‍ക്ക് 500 രൂപ വീതം ബിജെപി നല്‍കിയതായ വീഡിയോ പുറത്തായതാണ് ബിജെപിയെ കുഴക്കിയിരിക്കുന്നത്. രാജ്യത്തെ തൊഴിലില്ലാത്ത പാവപ്പെട്ട യുവാക്കളെ പണംകാട്ടി വശീകരിച്ചാണ് ബിജെപി പ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. ഷെഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്ക് പ്രതിദിനം 500 രൂപ വീതം നല്‍കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നതിന് പിന്നിലെ കാരണം ഇതാണെന്നാണ് കുറിച്ചാണ്, പണം വാങ്ങിയതായി പറയുന്ന ബിജെപി ജാഥയിലുള്ളവരുടെ ദൃശ്യങ്ങള്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://twitter.com/t_d_h_nair/status/1222056913665265664

അമിത് ഷായുടെ റാലികളില്‍ പങ്കെടുക്കാന്‍ പാവപ്പെട്ട, തൊഴിലില്ലാത്തവര്‍ക്ക് 500 രൂപ ബിജെപി നല്‍കുന്നു. ഷെഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്ക് പ്രതിദിനം 500 രൂപ വീതം നല്‍കുമെന്ന് ബിജെപി വിശ്വസിക്കുന്നതില്‍ അതിശയിക്കാനില്ല. ട്വീറ്റില്‍ പറയുന്നു.

ന്യൂഡല്‍ഹിയില്‍ അമിത് ഷാ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാക്കളെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെ കാണികളില്‍ നിന്നും കുറച്ചുപേര്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കിയതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ യുവാക്കളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

അതേസമയം, പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപ്പിക്കെതിരെ ശ്ക്തമായ പ്രതിരോധമാണ് സമരക്കാര്‍ തീര്‍ക്കുന്നത്. ഷെഹീന്‍ ബാഗിനെതിരെ വ്യാജപ്രചരണം നടത്തിയ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവയ്‌ക്കെതിരെ മാനനഷ്ടത്തിന് ഒരു കോടി രൂപയുടെ വക്കീല്‍ നോട്ടീസ് പ്രതിഷേധക്കാര്‍ അയച്ചിരുന്നു. വ്യാജവാര്‍ത്ത നല്‍കിയതിനപ്പുറം ദേശീയ അന്തര്‍ദേശീയ സമൂഹത്തില്‍ പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ശ്രമിച്ചതായും കാണിച്ചാണ് നോട്ടീസ്.

നേരത്തെ പ്രതിഷേധക്കാര്‍ക്കെതിരെ പൊതുവേദിയില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ റിതാലയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മന്ത്രിയുടെ പരാമര്‍ശം. ഒറ്റുകാരെ വെടിവെച്ച് കൊല്ലണമെന്ന മുദ്രാവാക്യം പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എഎപിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ പരിശോധിക്കുമെന്നും ആവശ്യമായ നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇതിനിടെ, പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലുണ്ടായ പൊലീസ് നടപടികളെ കുറിച്ച് അലഹാബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടികളെ കുറിച്ചുമുള്ള ഏഴോളം പെറ്റീഷനുകള്‍ കോടതി കേട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് നടപടികളെ കുറിച്ച് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെ കുറിച്ചു സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി, പ്രതിഷേധത്തിനിടയില്‍ കൊല്ലപ്പെട്ട ഇരുപത് പേരുടെയും മൃതദേഹ പരിശോധന റിപ്പോര്‍ട്ട്, പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും വൈദ്യപരിശോധന രേഖകള്‍ എന്നിവയും ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ഹാഗില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏപ്പെടുത്തിയിരുന്നു. ഡല്‍ഹി നിയമസഭാ തെരെഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കപില്‍ മിശ്രയെ പ്രചാരണം നടത്തുന്നതില്‍ നിന്നും രണ്ട് ദിവസത്തേക്കാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.