നടന്‍ അക്ഷയ്കുമാര്‍ ശ്രീ രാമനെ അപമാനിച്ചു; മാപ്പു പറയണമെന്ന് സോഷ്യല്‍മീഡിയ

ബിജെപി അനുഭാവിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമായ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ ഹൈന്ദവ ദേവനായ ശ്രീരാമനെ അപമാനിച്ചതായി സോഷ്യല്‍മീഡിയ. അക്ഷയ്കുമാര്‍ നായകനായ ചിത്രത്തില്‍ രാമനെ അപമാനിക്കുന്ന രീതിയിലുള്ള നടന്റെ സംഭാഷണ ദൃശ്യം പുറത്തുവിട്ടാണ് സോഷ്യല്‍മീഡിയ രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ നടന്‍ മാപ്പ് പറയണമെന്നും ഫാന്‍സുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിലൊരു പരാമര്‍ശം സല്‍മാന്‍ ഷാരൂഖ് തുടങ്ങി ഖാന്മാര്‍ ആണ് നടത്തിയതെങ്കില്‍ എന്താകുമായിരുന്നു സംഘ്പരിവാര്‍ ഭക്തരുടെ അവസ്ഥയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. അക്ഷയ്കുമാര്‍ മാപ്പു പറയണമെന്നുള്ള AKSHAY ABUSES LORD RAMA ഹാഷ് ടാഗ് ട്വീറ്ററില്‍ ട്രെന്റാണ്.

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിലുയര്‍ന്ന ട്വീറ്റില്‍ നടന്‍ ലൈക്ക് ചെയ്തത് ബിജെപി അനുഭാവികള്‍ വിവാദമാക്കിയിരുന്നു. ‘ആശംസകള്‍, ജാമിയ ‘ആസാദി’ നേടിയെടുത്തിരിക്കുന്നു’ എന്ന ഒരു വീഡിയോ ആണ് അക്ഷയ് കുമാര്‍ ലൈക്ക് ചെയ്തത്.

എന്നാല്‍ ലൈക്ക് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അത് മനസിലായ ഉടന്‍ പോസ്റ്റ് അണ്‍ലൈക്ക് ചെയ്‌തെന്നും അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.

‘ജാമില മിലിയയിലെ വിദ്യാര്‍ഥികളുടെ ട്വീറ്റ് ലൈക്ക് ചെയ്തതിനെക്കുറിച്ച്, അത് അബദ്ധത്തില്‍ സംഭവിച്ചതാണ്. സ്‌ക്രോള്‍ ചെയ്യുന്നതിനിടെ അബദ്ധവശാല്‍ ലൈക്ക് ബട്ടണ്‍ ഞെക്കിയതായിരിക്കണം. ഇക്കാര്യം തിരിച്ചറിഞ്ഞപ്പോള്‍ത്തന്നെ ആ ട്വീറ്റ് അണ്‍ലൈക്ക് ചെയ്യുകയുമുണ്ടായി. ഇത്തരം നടപടികളെ ഒരു തരത്തിലും ഞാന്‍ പിന്തുണയ്ക്കുന്നില്ല’, എന്നാണ് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തത്.

അബദ്ധത്തില്‍ സംഭവിച്ച ഒരു ലൈക്ക് പോലും പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായ അക്ഷയ് കുമാര്‍ ഈ വിഷയത്തിലും അത് കാണിക്കണമെന്നാണ് ഫാന്‍സുകാരുടെ ആവശ്യം