സ്‌നേഹം പടര്‍ത്താന്‍ കേഴുന്ന കലാപ ഭൂമി; എല്ലാം നഷ്ടപ്പെട്ട് വിധവയായിമാറിയ ഉമ്മയുടെ വാക്കുകള്‍ ഭരണകൂടത്തെ കുലുക്കേണ്ടതാണ്!

ന്യൂഡല്‍ഹി: വര്‍ഗീയ കലാപത്തിന്റെ മുറിവുകള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പ്രദേശങ്ങളില്‍ ഒന്നാണ് മുസ്തഫാബാദ്. മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിലൂടെ നേരത്തെതന്നെ ഈ പ്രദേശം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതുകൊണ്ടുതന്നെ വര്‍ഗീയ കലാപത്തില്‍ സംഘ്പരിവാര്‍ ഉന്നമിട്ട പ്രദേശങ്ങളില്‍ ഒന്നു കൂടിയായിരുന്നു മുസ്തഫാബാദ്.

ഡല്‍ഹി കലാപത്തില്‍ എല്ലാം നഷ്ടപെട്ട് വിധവയായി മാറിയ മുസ്തഫാബാദിലെ ഉമ്മയുടെ ദൃശ്യങ്ങള്‍ കരളലിയിപ്പിക്കുന്നതാണ്. കലാപബാധിത പ്രദേശത്ത് ബി.ബി.സി റിപ്പോര്‍ട്ടര്‍ ലോഗിത ലിമായെ നടത്തിയ ഗ്രൗണ്ട് റിപ്പോര്‍ട്ടിങിലെ ദൃശ്യങ്ങളാണ് കാഴ്ചക്കാരെ കരയിപ്പിക്കുന്നത്.
കലാപത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടതറിഞ്ഞ പകലിലാണ് ബി.ബി.സി റിപ്പോര്‍ട്ടര്‍ യുവതിയുടെ അരികിലെത്തിയത്. മുഖംമറച്ച് തന്റെ പെണ്‍മക്കള്‍ക്കൊപ്പം വിങ്ങിപ്പൊട്ടുന്ന യുവതിയുടെ നേര്‍ക്ക് മൈക്ക് നീട്ടിയ ലോഗിത ലിമായൊട് തേങ്ങലിനിടെ യുവതി തന്റെ നഷ്ടത്തെ കുറിച്ച് പറയാതെ രാജ്യത്തിന്റെ നല്ലതിനായ് കേഴുകയാണുണ്ടായത്.

‘ഹിന്ദുസ്ഥാനില്‍ സ്‌നേഹം പ്രചരിപ്പിക്കാന്‍ സര്‍ക്കാരിനോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാവരേയും സംരക്ഷിക്കണം.
ആരുടേയും വീട് നശിപ്പിക്കാന്‍ അനുവദിക്കരുത്. ഒരു കുട്ടിയെ പൊലുംം അനാഥനാക്കാന്‍ അനുവദിക്കരുത്, വിധവ കരഞ്ഞു പറഞ്ഞു.

കലാപഭൂമിയിലൂടെ നടത്തിയ യാത്രയിലുടനീളം ഭീതിയുടെ കാഴ്ചകളാണ് ബിബിസിക്ക് റിപ്പോര്‍ട്ടര്‍ക്ക് കാണാന്‍ സാധിച്ചത്. സംഘര്‍ഷത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മുസ്തഫാബാദിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ കത്തിനശിച്ച വാഹനങ്ങളും കടകളുമാണ് സംഘത്തെ സ്വാഗതം ചെയ്തത്. പ്രധാന റോഡിലൂടെ മുന്നോട്ടുനീങ്ങവേ ഇത്തരം വാഹനങ്ങളുടെ എണ്ണം കൂടിവന്നു. ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍, ബസുകള്‍ എന്നിങ്ങനെ നൂറിലധികം വാഹനങ്ങളാണ് കത്തിക്കിടക്കുന്നത്. തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങളും കത്തിനശിച്ച വാഹനങ്ങളും സംഘര്‍ഷത്തിന്റെ നടുക്കുന്ന അവശേഷിപ്പുകളായി ഇവരില്‍ ഇപ്പോഴും ഭയം ഉളവാക്കുന്നതായിരുന്നു. സമീപത്ത തീവെച്ച പള്ളിയില്‍ പ്രവേശിച്ച റിപ്പോര്‍ട്ടര്‍ അവിടത്തെ വിവരങ്ങളും പകര്‍ത്തി. പള്ളിതീവെച്ചപ്പോള്‍ മരിച്ചയാളുടെ ഭാര്യയാണ് റിപ്പോര്‍ട്ടറോട് പ്രതികരിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോര്‍പ്പറേഷന്റെ ശുചീകരണത്തൊഴിലാളികള്‍ എത്താത്തതിനാല്‍ ഓവുചാലുകള്‍ നിറഞ്ഞുകവിഞ്ഞ് റോഡില്‍ മലിനജലം കെട്ടിക്കിടക്കുന്നു. ഇവിടുത്തെ ഒരു സ്‌കൂളിനും തീവെച്ചിട്ടുണ്ട്. മുസ്തഫാബാദിന്റെ സമീപത്തെ ഭഗീരഥി വിഹാറിലും അക്രമികള്‍ അഴിഞ്ഞാടിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഹിന്ദുമുസ്‌ലിം മേഖലയായ ഇവിടെ വെടിവെപ്പ്, പെട്രോള്‍ ബോംബേറ് എന്നിവ നടന്നിരുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ച് കഴിയുന്ന സ്ഥലങ്ങളാണ് സംഘര്‍ഷം നടന്ന മേഖലകളില്‍ ഭൂരിഭാഗവും. എന്നാല്‍, ഐക്യത്തോടെയാണ് ഇരുവിഭാഗങ്ങളും കഴിയുന്നതെന്നും പുറത്തുനിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നും കലാപബാധിത മേഖലകളിലുള്ളവര്‍ പറയുന്നു. കെട്ടിടനിര്‍മാണത്തൊഴിലാളിയായ ഭജന്‍പുര നിവാസി ഗോപാല്‍ ദാസും ഇക്കാര്യം ആവര്‍ത്തിച്ചു.

മുസ്തഫാബാദില്‍ കഴിഞ്ഞ 35 വര്‍ഷമായി താമസിക്കുന്ന രാം സേവക് ശര്‍മ്മയെന്ന ബ്രാഹ്മണ കുടുംബനാഥിന്റെ വാക്കുകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മുസ്്‌ലിം ഭൂരിപക്ഷ മേഖലയില്‍ എങ്ങനെ സുരക്ഷിതനായി ജീവിക്കുമെന്ന ചോദ്യത്തിന്, ഞാനും എന്റെ കുടുംബവും ഏറ്റവും സുരക്ഷിതമായി ഇരിക്കുന്ന ഇടം ഇവിടെയാണെന്നായിരുന്നു ശര്‍മ്മയുടെ മറുപടി. 35 വര്‍ഷമായി ഇവിടെ താമസിക്കുന്നു. മതത്തിന്റെ വേര്‍തിരിവുകളിലൂടെ ഒന്നിനേയും കണ്ടിട്ടില്ല. പ്രദേശത്തെ പലരേയും നേരിട്ട് അറിയാം. പരിചയമില്ലാത്തവരുമുണ്ട്.
അതൃപ്തിയുണ്ടാക്കുന്ന പെരുമാറ്റം 35 വര്‍ഷത്തിനിടെ ആരില്‍നിന്നും ഉണ്ടായിട്ടില്ല. കലാപം രൂക്ഷമായപ്പോള്‍ സമീപത്തെ മുസ്്‌ലിംകളായ ചില അയല്‍വാസികള്‍ വീട്ടില്‍ വന്നു. ഒന്നു കൊണ്ടും ഭയപ്പെടരുതെന്നും നിങ്ങള്‍ക്ക് ഞങ്ങള്‍ പൂര്‍ണ സുരക്ഷ ഒരുക്കുമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചു. ആ വാക്കുകളില്‍ തനിക്ക് വിശ്വാസമുണ്ടായിരുന്നു. വീടിന് പുറത്ത് അവര്‍ കാവലിരുന്നു. മറ്റെവിടെയും തനിക്ക് ഇത്രയധികം സുരക്ഷ ലഭിക്കുമെന്ന് ഉറപ്പില്ല. രണ്ടോ മൂന്നോ ഹിന്ദു കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. മറ്റെല്ലാം മുസ്്‌ലിം വീടുകളാണ്. – ശര്‍മ്മ പറഞ്ഞു.

തന്റെ സുഹൃത്തുക്കളെല്ലാം മുസ്്‌ലിംകളാണ്. ഒരു പനി വന്നാല്‍ പോലും സഹായവുമായി ഓടി വരുന്നവരാണവര്‍. പിന്നെ എന്തിന് ഞങ്ങളിവിടം വിട്ട് പോകണം. ഇതിനേക്കാള്‍ നിര്‍ഭയമായി ജീവിക്കാന്‍ മറ്റെവിടെയാണ് ഞങ്ങള്‍ക്ക് കഴിയുക- ശര്‍മ്മയുടെ മകന്‍ മുകേഷ് സിങും പിതാവിന്റെ വാക്കുകള്‍ ആണയിടുന്നു. ശര്‍മ്മയുടെ വീടിന് മീറ്ററുകള്‍ മാത്രം അകലെ, കൊള്ളയും കൊള്ളിവെപ്പും നടന്ന കടകളുടെ ബാക്കി പത്രങ്ങള്‍ കലാപത്തിന്റെ മുറിവുകളെ ഓര്‍മ്മിപ്പിച്ച് അപ്പോഴുമുണ്ടായിരുന്നു.

അതേസമയം, വടക്കുകിഴക്കന്‍ ഡല്‍ഹിയെ നടുക്കിയ കലാപത്തില്‍നിന്ന് ഇനിയും മുക്തരായിട്ടില്ല മേഖലയിലെ ജനം. ഇവിടെ നിരവധി വീടുകളും കടകളുമാണ് ഇവിടെ അഗ്നിക്കിരയായത്. സംഘര്‍ഷാന്തരീക്ഷം കെട്ടടങ്ങിയെങ്കിലും ആളുകളുടെ മനസ്സില്‍നിന്ന് തീയൊഴിഞ്ഞിട്ടില്ല. ഭീതിയുടെ അന്തരീക്ഷം തളം കെട്ടിനില്‍ക്കുന്നു. അക്രമികള്‍ അഴിഞ്ഞാടിയ മുസ്തഫാബാദ് അര്‍ധസൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. റോഡിനിരുവശത്തും സി.ആര്‍.പി.എഫ്., ബി.എസ്.എഫ്. തുടങ്ങിയ അര്‍ധസൈനികര്‍ കാവല്‍ നില്‍ക്കുന്നു. മേല്‍നോട്ടത്തിനായി മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. അതിരൂക്ഷമായ സംഘര്‍ഷമാണ് പ്രദേശത്ത് നടന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാകും. നാലുനില കെട്ടിടത്തിന് ഒന്നടങ്കം തീവെച്ചിരിക്കുന്നു. വീടുകളുടെ ചുമരുകളില്‍ പെട്രോള്‍ ബോംബ് വീണതിന്റെ കരിഞ്ഞ പാടുകള്‍, അടിച്ചുതകര്‍ക്കപ്പെട്ട ചില്ലുകള്‍, ആക്രമണത്തിനായി ഉപയോഗിച്ച ഇഷ്ടികകള്‍, പാറക്കല്ലുകള്‍ എന്നിവയാണ് കാഴ്ചകള്‍. കത്തിക്കരിഞ്ഞ സ്ഥിതിയിലാണ് ഓള്‍ഡ് മുസ്തഫാബാദ് ജങ്ഷന്‍. ഇവിടുത്തെ കടകളെല്ലാം കത്തിച്ചിരിക്കുകയാണ്. തീവെച്ച നിലയില്‍ ഒട്ടേറെ വാഹനങ്ങള്‍ റോഡരികിലും കാണാന്‍ സാധിച്ചു.