ശുഹൈബ് വധം: കൊലപാതകക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇതു ചൈനയല്ല: രമേശ് ചെന്നിത്തല

 

കണ്ണൂര്‍:ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്ന പി ജയരാജന്റെ പ്രതികരണത്തിനെതിരെ ശക്തമായ ഭാഷയില്‍ തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കുമെന്നു പറയാന്‍ ഇതു ചൈനയല്ലെന്നാണ് രമേശ് ചെന്നിത്തല വിമര്‍ശിച്ചത്. കണ്ണൂരില്‍ ശുഹൈബ് കുടുംബ സഹായ ഫണ്ട് പിരിവിനിടെയാണു ചെന്നിത്തലയുടെ വിമര്‍ശനം. കൊലപാതകക്കേസ് പാര്‍ട്ടി അന്വേഷിക്കാന്‍ ഇതു ചൈനയല്ല, ജനാധിപത്യ രാജ്യമാണ്.ശുഹൈബ് വധക്കേസില്‍ സി.പി.എം ജില്ലാ കമ്മിറ്റിക്കു വീഴ്ചയുണ്ടായെങ്കില്‍ തുറന്നുപറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും കാണിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവു ശുഹൈബിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് സമാഹരത്തിനായി കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒട്ടുമിക്ക നേതാക്കളും എംഎല്‍എമാരും എംപിമാരും കണ്ണൂരിലുണ്ട്. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.ശങ്കരനാരായണന്‍, വി.എം.സുധീരന്‍, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ കെ.സി.ജോസഫ്, കെ.മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സണ്ണി ജോസഫ്, അടൂര്‍ പ്രകാശ്, കെ.എസ്.ശബരീനാഥ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജില്ലയിലെ 110 കേന്ദ്രങ്ങളില്‍ നിധി സമാഹരണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസം ശുഹൈബ് വധവുമായി ബന്ധപ്പെട്ട് നടത്തിയ സമാധാനയോഗത്തിനു ശേഷമാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ശുഹൈബിന്റെ വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുമെന്ന് പറഞ്ഞത്. ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സി.പി.എം പ്രവര്‍ത്തകനാണെന്നും പി.ജയരാജന്‍ സ്ഥിരീകരിച്ചിരുന്നു.

ശുഹൈബിന്റെ വധം സംഘടനാതലത്തില്‍ അന്വേഷിക്കുമെന്നും പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായശേഷം നടപടി കൈക്കൊള്ളുമെന്നുമാണ് ജയരാജന്‍ സമാധാന യോഗത്തിനു ശേഷം പ്രതികരിച്ചത്.