രാജ്യത്തെ യുവത്വത്തിന്റെ ശബ്ദം സ്വേച്ഛാധിപത്യത്തിലൂടെ അടിച്ചമര്‍ത്താന്‍ മോദിക്കാവില്ലെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയയിലും അലിഗഡ് സര്‍വകലാശാലയിലും ഉയര്‍ന്ന പ്രക്ഷോഭത്തിനെതിരായ പൊലീസ് നരനായാട്ടതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റേത് ഭീരുത്വമാണ്.
ജനങ്ങളുടെ ശബ്ദം കേള്‍ക്കുമെന്ന് ഭയന്ന് വിദ്യാര്‍ഥികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ശബ്ദം അടിച്ചമര്‍ത്തുന്ന മോദി സര്‍ക്കാര്‍ ”ഭീരു” ആണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

സര്‍വകലാശാലകളില്‍ കയറി വിദ്യാര്‍ഥികളെ ആക്രമിക്കുകയാണ് പൊലീസ്. സര്‍ക്കാരിന് ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ഭയമാണ്. ഏകാധിപത്യത്തിലൂടെ യുവാക്കളെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യത്തെ യുവത്വത്തിന്റെ ശബ്ദം സ്വേച്ഛാധിപത്യത്തിലൂടെ അടിച്ചമര്‍ത്താന്‍ മോദിക്കാവില്ലെന്ന് പറഞ്ഞ പ്രിയങ്ക, ജനങ്ങളുടെ ശബ്ദം കേള്‍ക്കുമെന്ന് ഭയന്ന് വിദ്യാര്‍ഥികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ശബ്ദം അടിച്ചമര്‍ത്തുന്ന മോദിയുടെ സര്‍ക്കാര്‍ ഭീരുത്വത്തിന്റെ സര്‍ക്കാറാണെന്നും രാജ്യത്തുയരുന്ന യുവാക്കളുടെ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെതിരായ താക്കീതാണെന്നെന്നും, ട്വീറ്റ് ചെയ്തു. വിദ്യാര്‍ഥികളെ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചുള്ള ട്വീറ്റില്‍ പ്രിയങ്ക വ്യക്തമാക്കി.
‘സര്‍വകലാശാലകളില്‍ പോലീസ് പ്രവേശിച്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയാണ്. സര്‍ക്കാര്‍ ജനങ്ങളെ ശ്രദ്ധിക്കേണ്ട ഘട്ടത്തില്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഉത്തന്‍ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളെയും പത്രപ്രവര്‍ത്തകരെയും ബി.ജെ.പി. സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. ഇതൊരു ഭീരുക്കളുടെ സര്‍ക്കാരാണ്.’ പ്രിയങ്ക ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നരനായാട്ടതിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്.