രാജ്യം കടുത്ത പ്രശ്‌നത്തില്‍; പൗരത്വ നിയമം ഭരണഘടനാപരമാക്കുന്നതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: പൗരത്വ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന ഹര്‍ജികളില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെ. പൗരത്വ നിയമ ഭേദഗതി നിയമവിധേയമാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ വിനീത് ദണ്ഡെ സുപ്രിംകോടതിയെ സമീപിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ആശ്ചര്യം പ്രകടിപ്പിച്ച്. താന്‍ ഈ വിധത്തിലുള്ള ഹര്‍ജികള്‍ ആദ്യമായി കാണുകയാണെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്,
രാജ്യം കടന്നുപോകുന്നത് കടുത്ത പ്രശ്‌നങ്ങളിലൂടെയാണെന്നും ഈ സാഹചര്യത്തില്‍ സ്ഥിതിഗതികളെ കൂടുതല്‍ വഷളാക്കുന്ന ഹര്‍ജികള്‍ പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കി.

പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്ത പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ്, നിയമത്തെയും കേന്ദ്ര സര്‍ക്കാര്‍ നടപടിയേയും പിന്തുണച്ച് പുതിയ ഹര്‍ജി കോടതിയില്‍ എത്തിയത്.
നിയമത്തിനെതിരെ വ്യാപകമായി അസത്യപ്രചാരണം നടക്കുന്നുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് നിരസിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

”രാജ്യം കടന്നുപോകുന്നത് പ്രതിസന്ധി ഘട്ടത്തിലൂടെയാണ്. ഒട്ടറെ പ്രശ്‌നങ്ങളാണുള്ളത്. സമാധാനം തിരികെ കൊണ്ടുവരികയാണ് ഈ ഘട്ടത്തിലെ പ്രധാന ലക്ഷ്യം. ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഈ ലക്ഷ്യം നിറവേറ്റുന്നതിനെ ഒരുനിലക്കും സഹായിക്കില്ല”- പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളേയും അക്രമ സംഭവങ്ങളേയും പരാമര്‍ശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ എങ്ങനെയാണ് ഒറ്റയടിക്ക് ഭരണഘനാപരമാണെന്ന് പ്രഖ്യാപിക്കുകയെന്ന് ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സൂര്യാകാന്ത് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഒരു നിയമത്തിന്റെ സാധുത നിര്‍ണ്ണയിക്കുക എന്നതാണ് കോടതിയുടെ ജോലി അല്ലാതെ നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കലെല്ല, ബെഞ്ച് വ്യക്തമാക്കി.

നിയമം പാസാക്കിയ ശേഷമാണ് അക്രമ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കേരളവും പശ്ചിമബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കില്ലെന്ന നിലപാടിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിക്കേണ്ടതില്ലെന്നും ഭരണഘടനാപരമായി നിയമം സാധുവാണെന്ന് പ്രഖ്യാപിച്ചാല്‍ മാത്രം മതിയെന്നുമുള്ള ഹര്‍ജിക്കാരന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല. ”നിയമങ്ങള്‍ ഭരണഘടനാ ദത്തമായിരിക്കണമെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. ഞങ്ങള്‍ പ്രകോപനപരമാകുന്നില്ല. ഇതുപോലുള്ള ഹര്‍ജികള്‍ പരിഗണിക്കാനോ നിയമം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിക്കാനോ ഈ ഘട്ടത്തില്‍ കഴിയില്ല” – ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വിവാദ നിയമ ഭേദഗതിയെ എതിര്‍ത്ത് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് എം.പിമാര്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെയാണ് കോടതി നിലപാട്. പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് നല്‍കിയ വിവിധ ഹര്‍ജികള്‍ ജനുവരി 22 നാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.