കേന്ദ്രത്തിനെതിരെ പോരാടാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് കൊടിയേരി; പ്രതികരണവുമായി തിരുവഞ്ചൂര്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. മുഖ്യശത്രു ആരാണെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

ബി.ജെ.പിയും കോണ്‍ഗ്രസ്സും മുഖ്യശത്രുക്കളാണെന്നാണ് പോളിറ്റ് ബ്യൂറോ പ്രഖ്യാപിച്ചത്. ഇത്തരം നിലപാട് സ്വീകരിക്കേണ്ടത് വേങ്ങര തിരഞ്ഞെടുപ്പിന്റെ തലേന്നല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സി.പി.എമ്മിന്റെ സമീപനങ്ങളില്‍ ആത്മാര്‍ത്ഥതയില്ലെന്ന് വി.ഡി സതീശനും പ്രതികരിച്ചു.

കേന്ദ്രത്തിനെതിരെ അണിനിരക്കാന്‍ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കാന്‍ തയ്യാറാണെന്നായിരുന്നു കൊടിയേരിയുടെ പരാമര്‍ശം. പിന്തുണക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലക്ക് മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നും കൊടിയേരി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂരും സതീശനും രംഗത്തെത്തിയത്.