തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ നീട്ടിയ തീരുമാനം ഇരുട്ടടിയായി; ഉത്തരവിറങ്ങിയത് ഏറെ വൈകി

തിരുവനന്തപുരം: ഇന്നലെ അവസാനിക്കേണ്ടിയിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ ലോക്ക് ഡൗണ്‍ തുടരുന്നത് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം വന്നത് നട്ടപ്പാതിരക്ക്. ലോക്ക് ഡൗണ്‍ നീട്ടണോ എന്ന കാര്യം ആലോചിക്കാന്‍ സമയമുണ്ടായിരുന്നിട്ടും രാത്രി പതിനൊന്നു മണിയോടെയാണ് ഉത്തരവ് ഇറങ്ങിയത്. ഇതോടെ മൂന്നാഴ്ചയായി തുടരുന്ന ലോക്ക് ഡൗണ്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ഇരുട്ടടിയായി തീരുമാനം. നട്ടപാതിരാക്ക് ലോക്ക് ഡൗണ്‍ നീട്ടിയ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

രണ്ട് ദിവസം മുമ്പെങ്കിലും ഇക്കാര്യം സംബന്ധിച്ച് യോഗം ചേര്‍ന്നിരുന്നെങ്കില്‍ അവസാന നിമിഷത്തെ ആശങ്ക ഒഴിവാക്കാമായിരുന്നു. ചീഫ് സെക്രട്ടറിയാണ് ലോക്ക് ഡൗണ്‍ സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്. ശനിയാഴ്ച മുതല്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ കൂടിയാലോചനകള്‍ ആവശ്യപ്പെട്ടെങ്കിലും യോഗം നടന്നില്ല. പിന്നീട് ഇന്നലെ വൈകിട്ടാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.

അതേസമയം, ഇളവുകളോടെ ലോക്ക് ഡൗൺ തുടരാനുള്ള മാര്‍ഗരേഖയാണ് കളക്ടര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.  കണ്ടെയിന്‍മെന്‍റ് സോണല്ലാത്ത മേഖലകളിൽ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ തീരദേശത്ത് അടുത്തമാസം ആറുവരെ ലോക്ക് ഡൗണ്‍ തുടരും. കണ്ടെയിന്‍മെന്‍റ് സോണല്ലാത്ത മേഖലകളില്‍ ഹോം ഡെലിവറിയാകാം. ഹോട്ടലുകളിൽ നിന്ന് പാഴ്‍സല്‍ സർവീസിനും സൗകര്യമുണ്ട്.

കടകൾക്ക് രാവിലെ 7 മുതൽ രാത്രി 7 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകും. വൈകിട്ട് നാല് മുതല്‍ ആറുവരെ മുതിര്‍ന്ന പൗരന്മാര്‍ക്കായിരിക്കും പ്രവേശനം. കടുത്ത നിയന്ത്രണത്തോടെ മാർക്കറ്റുകൾ പ്രവർത്തിക്കും.സ്വകാര്യ സ്ഥാപനങ്ങൾക്ക്  25% ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം. ഈ രണ്ടുമേഖലയിലെയും മറ്റു ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യാം. ഹൈപ്പർ മാർക്കറ്റുകൾ, മാളുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ പ്രവർത്തിക്കരുത്.  കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നിലൊന്നു ജീവനക്കാരെ വെച്ചു കൊണ്ട് പ്രവര്‍ത്തിക്കാം.

നഗരസഭ പരിധിയില്‍ പൊതുപരീക്ഷകള്‍ നടക്കില്ല. ബാറുകള്‍, ജിംനേഷ്യം, സിനിമ തിയേറ്ററുകള്‍ എന്നിവ അടഞ്ഞുകിടക്കും. ആള്‍ക്കൂട്ടം ഉണ്ടാക്കുന്ന പരിപാടികള്‍ അനുവദിക്കില്ല. കണ്ടെയിന്‍മെന്‍റ് സോണല്ലാത്ത ഇടങ്ങളില്‍ പൊതുഗതാഗതമാകാം. 50 ശതമാനം യാത്രക്കാരെ മാത്രം അനുവദിക്കും.