18 പേരില്‍ പരിശോധന നടത്തുമ്പോള്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ്; തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ 18 പേരില്‍ പരിശോധന നടത്തുമ്പോള്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്ത് ചൊവ്വാഴ്ച 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ 170 പേര്‍ നെഗറ്റീവായി. 65 വയസുള്ള സെല്‍വമാണി കൊവിഡ് ബാധിച്ച് മരിച്ചു. തലസ്ഥാനത്ത് ഗുരുതരമായ സാഹചര്യമുള്ളത് എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

തിരുവനന്തപുരത്തെ ലോക്ക്ഡൗണ്‍ നീട്ടണമോ ഇളവ് വേണമോ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനം വൈകാതെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാം അടച്ചിടുക എന്ന നടപടിയല്ല സ്വീകരിക്കാന്‍ പോകുന്നത്. എന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ക്ലസ്റ്ററുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. തീരദേശത്തിന് പുറമെ ചില സ്ഥലങ്ങളിലും രോഗ വ്യാപനം രൂക്ഷമാകുന്നുണ്ട്.

റാപ്പിഡ് ആന്റിജന്‍ പരിശോധന ഈ മാസം നാലാം തീയതി മുതല്‍ ജില്ലയില്‍ നടത്തും. പുല്ലുവിള ഉള്‍പ്പെടെയുള്ള കടലോര മേഖലയില്‍ 1150 ടെസ്റ്റുകള്‍ ഇന്ന് നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.35 ടീമുകളാണ് തിരുവനന്തപുരത്തെ ക്ലസ്റ്റര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ ടീമിനും 50 കിറ്റുകള്‍ വീതമാണ് നല്‍കിയിരിക്കുന്നത്. പാറശാല താലൂക്ക് ആശുപത്രിയിലെ 2 രോഗികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശസ്ത്രക്രീയ വാര്‍ഡിലെ രോഗികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആശുപത്രിയിലെ നാല് കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്- അദ്ദേഹം വ്യക്തമാക്കി.

സെക്രട്ടേറിയേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ ഇദ്ദേഹം ഇന്നലെയും സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിക്കെത്തിയിരുന്നുവെന്നാണ് വിവരം. ഇയാളുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരത്തെ പൂവാര്‍ ഫയര്‍ സ്റ്റേഷനില്‍ കൊവിഡ് പടരുന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ഒമ്പത് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പൂവാര്‍ ഫയര്‍ സ്റ്റേഷനില്‍ ആകെ രോഗികളുടെ എണ്ണം 12 ആയി. പതിനൊന്ന് ജീവനക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

SHARE