പാകിസ്താനില്‍ മൂന്നാമത്തെ സൈനിക വിമാനവും തകര്‍ന്നു

രണ്ട് മാസത്തിനിടെ പാകിസ്താന്‍ വ്യോമസേനയുടെ വിമാനവും പരിശീലനത്തിനിടെ തകര്‍ന്നുവീണു. ഒരാഴ്ചക്കിടെയുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ബുധനാഴ്ചയാണ് അവസാന വിമാന അപകടമുണ്ടായത്. മര്‍ഡാന്‍ ജില്ലയിലെ തഖ്ത് ഭായിയില്‍ പതിവ് പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നതെന്ന് പാക് വ്യോമസേനാ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

പൈലറ്റ് മാത്രമുണ്ടായിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം തകരുംമുമ്പേ പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായും മറ്റാരും വിമാനത്തിലില്ലായിരുന്നുവെന്നും വക്താവ് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് വ്യോമസേനാ ആസ്ഥാനത്ത് നിന്ന് ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള വിമാനമാണ് തകര്‍ന്നതെന്ന് വ്യോമസേനാ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.

രണ്ട് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാക് സൈനിക വിമാനം ഇത്തരത്തില്‍ അപകടത്തില്‍പെടുന്നത്. ഫെബ്രുവരി ഏഴിന് പഞ്ചാബ് പ്രവിശ്യയിലെ ഷൊര്‍കോട്ടില്‍ പരിശീലനത്തിനിടെ വ്യോമസേനയുടെ മിഷാഷ് ജെറ്റ് തകര്‍ന്നിരുന്നു. ജനുവരി ഏഴിന് വ്യോമസേനയുടെ രണ്ട് വിമാനങ്ങള്‍ തകര്‍ന്ന് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു. പഞ്ചാബ് പ്രവിശ്യയിലാണ് ഈ അപകടവും ഉണ്ടായത്.

SHARE