പിഴച്ചത് കോച്ച് അന്‍സലോട്ടിക്ക് -തേര്‍ഡ് ഐ

കമാല്‍ വരദൂര്‍
ബയേണ്‍ പുറത്തായി-നന്നായി കളിച്ചിട്ടും. മ്യൂണിച്ചിലെ ആദ്യ പാദത്തിലും മാഡ്രിഡിലെ രണ്ടാം പാദത്തിലും ആക്രമണ വീര്യവും പന്തടക്കവുമെല്ലാം പ്രകടിപ്പിച്ചത് ബയേണായിരുന്നു. പക്ഷേ അവസരോചിതമായി കളിക്കാനും സ്വന്തം കളിയുടെ ഊര്‍ജ്ജം സഹതാരങ്ങളിലേക്ക് പകാരനുമുളള ഒരു കൃസ്റ്റിയാനോ പവര്‍ ബയേണിനുണ്ടായിരുന്നില്ല. ടീമെന്ന നിലയില്‍ റയല്‍ പലപ്പോഴും പതറിയിട്ടുണ്ട്. ലാലീഗയിലെ ചില മല്‍സരങ്ങള്‍ മാത്രമെടുത്താല്‍ മതി. പക്ഷേ വ്യക്തിഗതമായി ടീമിലെ താരങ്ങളുടെ കരുത്ത് ടീമിന് പലപ്പോഴും മുതല്‍ക്കൂട്ടായി മാറി. മ്യുണിച്ചിലെ ആദ്യപാദത്തില്‍ ബയേണ്‍ കോച്ച് കാര്‍ലോസ് ആന്‍സലോട്ടിയുടെ തന്ത്രം പ്രതിരോധാത്മക ആക്രമണമായിരുന്നു. പക്ഷേ ആ തന്ത്രം പാളിയത് കൃസ്റ്റിയാനോ എന്ന ഒരേ ഒരു താരത്തിന്റെ മാജിക്കിന് മുന്നിലായിരുന്നു. പോര്‍ച്ചുഗലുകാരന്‍ നേടിയ രണ്ട് ഗോളുകള്‍ അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതായിരുന്നു. ആ താരത്തെ തടയാനുള്ള കരുത്ത് പ്രതിരോധ നിരക്കുണ്ടായിരുന്നില്ല. ഏത് പ്രതിരോധത്തെയും ഒരു സെക്കന്‍ഡിലെങ്കിലും പിറകിലാക്കാനും ആ സെക്കന്‍ഡിനെ പ്രയോജനപ്പെടുത്താനും കഴിയുന്ന റൊ തന്നെയായിരുന്നു ഇന്നലെയും ബയേണിന് മുന്നില്‍ വില്ലനായത്. റയലിനേക്കാള്‍ താരസമ്പന്നമാണ് ബയേണ്‍. മുന്‍നിര മാത്രം നോക്കുക-മിന്നല്‍ വേഗക്കാരനായ ആര്യന്‍ റൂബന്‍, അസാമാന്യ ഷൂട്ടിംഗ് പാടവം പ്രകടിപ്പിക്കുന്ന അര്‍ദാന്‍ വിദാല്‍, ഗോള്‍ വേട്ടക്കാരനെന്ന ഖ്യാതി അതിവേഗം നേടിയ പോളണ്ടുകാരന്‍ ലെവന്‍ഡോസ്‌ക്കി, ജര്‍മനിയുടെ കുന്തമുനയായ തോമസ് മുള്ളര്‍, ഫ്രഞ്ചുകാരന്‍ ഫ്രാങ്ക് റിബറി-അങ്ങനെ എല്ലാവരും കേമന്മാര്‍. പക്ഷേ ഇവരില്‍ റൊയുടെ വ്യക്തിഗത കരുത്തിന് അരികിലെത്തിയ ആള്‍ റൂബന്‍ മാത്രം. റൂബന്റെ കാലുകളില്‍ പന്ത് കിട്ടിയപ്പോഴെല്ലാം റയല്‍ ഗോള്‍ മുഖം വിറച്ചിരുന്നു. റൂബനൊപ്പം അതേ വേഗതയില്‍ നില്‍ക്കാന്‍, അര്‍ധാവസരങ്ങളെ പ്രയോജനപ്പെടുത്താന്‍ മുളളക്കോ, ലെവന്‍ഡോവിസ്‌കിക്കോ, റിബറിക്കോ കഴിഞ്ഞില്ല. വിദാല്‍ വെറുതെ വില്ലന്‍ വേഷം കെട്ടി. തുടക്കത്തിലേ മഞ്ഞക്കാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹത്തെ കോച്ചിന് പിന്‍വലിക്കാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അധികസമത്ത് പത്ത് പേരുമായി കളിക്കേണ്ടി വരില്ലായിരുന്നു. വിദാലില്‍ കോച്ചിന് വിശ്വാസമുളളത് കൊണ്ട് അദ്ദേഹത്തെ തുടര്‍ന്നും കളിപ്പിച്ചെങ്കിലും ചിലിക്കാരന്‍ മാരകമായി തന്നെ നീങ്ങിയാണ് ചുവപ്പിലെത്തിയത്. ഈ ചുവപ്പ് കാര്‍ഡ് ബയേണ്‍ കോച്ചിന്റെ വീഴ്ച്ചയാണ്. അധികസമയത്ത് റയല്‍ കോച്ച് സിദാന്‍ പറഞ്ഞത് ജാഗ്രതയോടെ ആക്രമിക്കാനാണ്. അന്‍സലോട്ടിയുടെ കുട്ടികളാവട്ടെ പത്ത് പേരാണെങ്കിലും ഗോളടിക്കുമെന്ന വാശിയിലും. അവിടെയാണ് മൂന്ന് ഗോളുകള്‍ പിറന്നത്. ഈ മൂന്ന് ഗോളും പ്രത്യാക്രമണങ്ങളിലാണെന്ന് ഓര്‍ക്കണം. റൊണാള്‍ഡോ എന്ന മെഗാ താരത്തിന്റെ ഇടപെടലുകള്‍ അതിമനോഹരമായിരുന്നു. ആ കാലുകളിലെ ഊര്‍ജ്ജം, ആ സമീപനം, അവസരോചിതമായ ഫ്‌ളിക്കുകളും ഷോട്ടുകളും ഹെഡ്ഡറുകളും. ലോകത്ത് അദ്ദേഹത്തെ പോലെ മറ്റൊരു താരമില്ല. ഏത് സമയത്തും അദ്ദേഹം ഗോളടിച്ചിരിക്കും. ഒരു കോച്ചിനും ഒരു പ്രതിരോധത്തിനും പിന്‍നിരക്കും അദ്ദേഹത്തെ ചില സമയങ്ങളില്‍ തടയാനാവില്ല. റൊണാള്‍ഡോ രണ്ടാം പാദത്തില്‍ നേടിയ മൂന്ന് ഗോളുകളില്‍ ആദ്യത്തേതായിരുന്നു സൂപ്പര്‍. ആ തലയില്‍ പിറന്ന ലക്ഷ്യബോധത്തെ എന്ത് പറഞ്ഞ് വിശേഷിപ്പിക്കും…