ഇവര്‍ പാപികളാവുന്നു

 

കാല്‍പ്പന്തിനൊരു സൗന്ദര്യ മനസുണ്ട്… ആ മനസ്സിന്റെ വിശാലത നിര്‍ണയിക്കാനാവില്ല. ഭൂഗോളം കറങ്ങുന്നത് പോലെ മൈതാനങ്ങളില്‍ കാല്‍പ്പന്ത് കറങ്ങി കൊണ്ട് നില്‍ക്കുമ്പോള്‍ അതിനോട് അകലം പാലിക്കുന്നതിലെ മൗഢ്യത തിരിച്ചറിയണം. കേരളമെന്നത് ഇട്ടാവട്ടമാണ്-എന്നിട്ടും കാല്‍പ്പന്തെന്ന് കേട്ടാല്‍ മലയാളിയുടെ ഞരമ്പുകളില്‍ ചോര തിളക്കുന്നതിലെ കെമിസ്ട്രി ആ ഗെയിം എത്രമാത്രം ആകര്‍ഷകമാണ് എന്നുള്ളതാണ്. ഫുട്‌ബോളിനെ ദ്രോഹിക്കരുതാരും-അത് പാപമാവും. ലോക ഫുട്‌ബോളിനെ ഭരിക്കുന്നവരാണ് ഫിഫ. അവരാണ് പറഞ്ഞത് കൊച്ചിയിലെ നെഹ്‌റു സ്‌റ്റേഡിയം കാല്‍പ്പന്തിന് അനുയോജ്യമായ മൈതാനമാണെന്ന്. ഫിഫ നടത്തിയ അണ്ടര്‍ 17 ലോകകപ്പിലെ മല്‍സരങ്ങള്‍ കൊച്ചിയില്‍ നടന്നപ്പോള്‍ കളിക്കാനെത്തിയത് ലാറ്റിനമേരിക്കന്‍ ശക്തരായ ബ്രസീലും യൂറോപ്യന്‍ കരുത്തരായ സ്‌പെനിനും ജര്‍മനിയുമെല്ലാമായിരുന്നു. മരക്കാനയിലും ബെര്‍ണബുവിലും അലിയന്‍സ് അറീനയിലുമെല്ലാം കളിക്കുന്ന കുട്ടികളായിരുന്നല്ലോ അന്ന് നെഹ്‌റു സ്‌റ്റേഡിയത്ില്‍ പന്ത് തട്ടിയത്. സാന്‍ഡോസ്, റയല്‍ മാഡ്രിഡ്, ബാര്‍സിലോണ, ബയേണ്‍ മ്യൂണിച്ച് അക്കാദമികളില്‍ നിന്നുള്ള ഈ കുട്ടികല്‍ കൊച്ചിക്ക് നല്‍കിയ മാര്‍ക്കിനെ അവഗണിക്കരുത്. നല്ല ടര്‍ഫ്, നല്ല ഗ്യാലറി തുടങ്ങി നല്ലത് എന്ന പദം പലവട്ടം ഉരുവിട്ടിരുന്നു അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ ടെലിവിഷന് വേണ്ടി റിപ്പോര്‍ട്ട്് ചെയ്യാനെത്തിയ പഴയ രാജ്യാന്തര താരങ്ങള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ അരങ്ങേറിയപ്പോള്‍ ആര്‍ക്കുമുണ്ടായിരുന്നില്ല പരാതി. ഐ.എസ്.എല്‍ ഫൈനല്‍ നടന്നു, ഉദ്ഘാടന ചടങ്ങുകള്‍ നടന്നു-എല്ലാവരും കൈയ്യടിച്ചു. ഇന്ത്യയുടെ ഫുട്‌ബോള്‍ ആസ്ഥാനമായി കൊച്ചി മാറുമ്പോള്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ നെഞ്ചിലൂടെ ക്രിക്കറ്റ് പിച്ചൊരുക്കാന്‍ കുഴിയെടുക്കുന്നവര്‍ ചെയ്യുന്ന പാതകം വധശിക്ഷയര്‍ഹിക്കുന്നു-അതാര് ചെയാതലും അന്യായമാണ്.
ക്രിക്കറ്റ് എന്ന ഗെയിമിനോട് ആര്‍ക്കും എതിര്‍പ്പില്ല. ആ ഗെയിമിന്റെ സാധ്യതകളെയും സ്വീകാര്യതയെയും മനസ്സിലാക്കിയാണല്ലോ കാര്യവട്ടത്ത് സ്‌പോര്‍ട്‌സ് ഹബ്ബുണ്ടാക്കിയത്. ഗ്രീന്‍പാര്‍ക്കിലെ മനോഹര വേദിയില്‍ മാസങ്ങള്‍ക്ക്് മുമ്പ് ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിട്ടപ്പോള്‍ എത്ര മനോഹരമായിരുന്നു ആ കാഴ്ച്ചകള്‍. മഴയില്‍ കളി മുടങ്ങുമെന്ന് പറഞ്ഞിട്ട് അതിവേഗം സൂപ്പര്‍ സോപ്പര്‍ പരിഹാരം-അതും ഒരു മണിക്കുറിനകം. കാണികളെ തൊട്ടരികില്‍ ലഭിക്കുന്ന സജ്ജീകരണം. നല്ല ഡഗൗട്ട്-ഇങ്ങനെ കാര്യവട്ടത്തിന് നല്ല മാര്‍ക്കിട്ടവര്‍ വിരാത് കോലിയും കീത്ത് വില്ല്യംസണും രവിശാസ്ത്രിയുമെല്ലാമാണ്. അവര്‍ക്കെല്ലാം പ്രിയപ്പെട്ട വേദിയായി കാര്യവട്ടമുള്ളപ്പോള്‍ കൊച്ചിയിലെ ടര്‍ഫിനെ കുത്തികീറുന്നത് ഫാസിസമാണ്-അതനുവദിക്കരുത്.കൊച്ചിയിലെ ക്രിക്കറ്റ് മല്‍സരങ്ങളെല്ലാം വന്‍ വിജയമായിരുന്നു. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘാടനത്തില്‍ അല്‍ഭുതങ്ങള്‍ വരച്ച മല്‍സരങ്ങള്‍. സ്റ്റീവ് വോയും ഗ്രയീം സ്മിത്തുമെല്ലാം നൂറില്‍ നൂറ് മാര്‍ക്കിട്ട വേദി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലെഗ് സ്പിന്നറായി ആദ്യമായി അഞ്ച് വിക്കറ്റ് നേടിയ മൈതാനം-പക്ഷേ ഈ കളിക്കളമിപ്പോള്‍ ഫിഫയുടെ വിലാസത്തിലുണ്ടെന്ന വലിയ സത്യം ആരും മറക്കരുത്. അണ്ടര്‍ 17 ലോകകപ്പ് മല്‍സരങ്ങള്‍ വിജയകരമായി നടത്തിയതിന് ശേഷം ഫിഫ പറഞ്ഞ വാക്കുകളും മറക്കരുത്-ഇന്ത്യക്ക് കൂടുതല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ അനുവദിക്കുമെന്ന്. നെഹ്‌റു സ്‌റ്റേഡിയം ആരെങ്കിലും കുത്തിപ്പൊളിച്ചാല്‍ ആദ്യമറിയുക ഫിഫയായിരിക്കും. അതോടെ കീറുമവര്‍ കൊച്ചിയുടെ ചീട്ട്…. എല്ലാത്തിലും രാഷ്ട്രിയം വേണ്ട നമുക്ക്. നമ്മുടെ ക്രിക്കറ്റിനെ നയിക്കുന്ന കേരളാ ക്രിക്കറ്റ്് അസോസിയേഷനും ഫുട്‌ബോളിനെ നയിക്കുന്ന കേരളാ ഫുട്‌ബോള്‍ അസോസിയേഷനും നെഹ്‌റു സ്‌റ്റേഡിയത്തിന്റെ ഉടമകളായ ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോരിറ്റിയും പിന്നെ നമ്മുടെ സര്‍ക്കാരും വിചാരിച്ചാല്‍ മാത്രം മതി. ഒന്ന് പോസീറ്റിവായി ചിന്തിക്കുക. ലോകകപ്പിനായി ഒരുക്കിയ ഒരു മൈതാനത്തെ വെട്ടിപ്പൊളിക്കുന്നതില്‍ നിങ്ങള്‍ക്കാര്‍ക്കും വേദനയില്ലെങ്കില്‍ നിങ്ങളിലാര്‍ക്കും കായിക മനസ്സില്ല-കേവലമായ രാഷ്ട്രീയ മനസ് മാത്രമാണ്. ആ മനസ് നമ്മെ എവിടെയെത്തിക്കുമെന്ന സത്യത്തിന്റെ ഭീകരതയും തിരിച്ചറിയണം. കൊച്ചി എന്ന പട്ടണം അതിവേഗമാണ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടത്. ആഗോള ഫുട്‌ബോള്‍ ഭൂപടമെടുത്താല്‍ കാണാം കൊച്ചിയെ. അത്തരത്തിലൊരു നഗരത്തെ കൊല്ലാകൊല ചെയ്യരുത്. ക്രിക്കറ്റ് കാര്യവട്ടത്ത് നടക്കട്ടെ-അത് കാണാന്‍ മലയാളികളെല്ലാമെത്തും. പണ്ട് കോഴിക്കോടായിരുന്നു ഫുട്‌ബോളിന്റെ തലസ്ഥാനം. പക്ഷേ നമ്മുടെ ഫുട്‌ബോള്‍ ഭരണാധികാരികളുടെ തല തിരിഞ്ഞ നയത്തില്‍ ഫുട്‌ബോള്‍ തന്നെ മരിച്ചപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം നോക്കുക-അനാഥമായി കിടക്കുന്നു. ഈയിടെ ഐ ലീഗ് മല്‍സരങ്ങള്‍ നടന്നപ്പോള്‍ മാത്രമാണ് ഇവിടെ ചെറിയ പന്തനക്കമുണ്ടായത്. നന്മയുള്ള നല്ല ഫുട്‌ബോള്‍ മനസ്സാണ് നമുക്ക് വേണ്ടത്. സച്ചിനെ പോലെ….. സച്ചിന്‍ പറഞ്ഞില്ലേ വളരെ വ്യക്തമായി കാര്യങ്ങള്‍. കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടക്കട്ടെ-അതിനിടയില്‍ പാര പണിയാതാരിക്കുക. പാര പണിയുന്നവരെ അടിച്ചിറക്കുക.

SHARE