സാങ്കേതികതയേ, നിനക്ക് നന്ദി

കമാല്‍ വരദൂര്‍

ലോക ക്രിക്കറ്റിലെ വലിയ അഹങ്കാരികള്‍ ആരാണ്…? സദാസമയവും ചെവിയില്‍ ഇയര്‍ ഫോണും തിരുകി സംഗീതം ആസ്വദിച്ച് നടക്കുന്ന ഇന്ത്യന്‍ താരങ്ങളാണെന്നാണ് പതിവായി ലഭിക്കാറുള്ള മറുപടി. പക്ഷേ ലോക ക്രിക്കറ്റിലൂടെ ഒന്ന് സൂക്ഷ്മമായി കണ്ണോടിച്ചാല്‍ അഹങ്കാരത്തിന്റെ മൂര്‍ത്തിമത്ഭാവം ഓസ്‌ട്രേലിയക്കാരാണെന്ന് നിസ്സംശയം വ്യക്തമാവും. കളത്തിലും കളത്തിന് പുറത്തും ഒരു തരം ജന്മിത്വം പ്രകടിപ്പിക്കാറുണ്ടവര്‍. എല്ലാവരും തങ്ങളെക്കാള്‍ താഴെയെന്ന് വിശ്വസിക്കുന്ന ഭാവവവും പ്രവര്‍ത്തനവും. കേപ്ടൗണില്‍ ക്യാമറകള്‍ ഓസീസുകാരെ പിടികൂടിയില്ലായിരുന്നെങ്കില്‍ അവര്‍ തന്നെയായിരിക്കും മാന്യന്മാര്‍. ഇന്ത്യന്‍ ക്രിക്കറ്റിനെ പന്തയവിവാദം വേട്ടയാടിയപ്പോള്‍ പരിഹസിച്ചിരുന്നു ഓസ്‌ട്രേലിയക്കാര്‍. ഐ.പി.എല്ലിനെ കോഴ വിവാദം പിടികൂടിയപ്പോള്‍ ചിരിച്ചുനടന്നിരുന്നു അവര്‍. സിംബാബ്‌വെ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയവര്‍ക്കെതിരെ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാറില്ല ഓസീസുകാര്‍. അവരെ മൂന്നാം കിടക്കാരായാണ് അവര്‍ കണ്ടിരുന്നത്. സൗരവ് ഗാംഗുലിയുടെ ഇന്ത്യ സ്റ്റീവ് വോയുടെ ഓസീസിന് വെല്ലുവിളിയായപ്പോള്‍ മൈതാനത്ത് കേട്ടത് തെറി വിളികള്‍ മാത്രമായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ് ലക്ഷ്്മണ്, സൗരവ് തുടങ്ങിയവര്‍ ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റിന് പിറകില്‍ നിന്നും ആദം ഗില്‍ക്രൈസ്റ്റും സ്ലിപ്പില്‍ നിന്ന് മാത്യു ഹെയ്ഡനും ജസ്റ്റിന്‍ ലാംഗറുമെല്ലാം വിളിക്കുന്ന തെറി സ്റ്റംമ്പ് മൈക്രോഫോണ്‍ രേഖപ്പെടുത്താറുണ്ടായിരുന്നു. പക്ഷേ ഒരു നടപടിയുമുണ്ടായില്ല. സച്ചിനും രാഹുലുമെല്ലാം മഹാമാന്യന്മാരായതിനാല്‍ അവര്‍ പരാതിപ്പെട്ടതുമില്ല. ഓസ്‌ട്രേലിയയെ തൊടാന്‍ ഐ.സി.സി ഉള്‍പ്പെടെ എല്ലാവര്‍ക്കും പേടിയായിരുന്നു. ഷെയിന്‍ വോണ്‍ പന്തയവിവാദത്തില്‍ ആരോപണ വിധേയനായപ്പോള്‍ അദ്ദേഹത്തിനെതിരെ കാര്യമായ നടപടിയുണ്ടായിരുന്നില്ല.
കേപ്ടൗണിലെ മൈതാനത്ത് 32 ക്യാമറകളുണ്ടായിരുന്നു. അതും ഹൈ റെസൊലൂഷന്‍ ക്യാമറകള്‍. ഈ ക്യാമറകളാണല്ലോ അഹങ്കാരികളുടെ മുഖത്തടിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയക്കാര്‍ ഇപ്പോള്‍ പറയുന്നത് തങ്ങള്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്തവരുണ്ടെങ്കില്‍ കാര്യമായ ശിക്ഷ ലഭിക്കുമെന്നുമാണ്. പക്ഷേ ക്യാമറകള്‍ സത്യം വിളിച്ച് പറയുമ്പോള്‍ എന്തിനാണ് മറ്റൊരു അന്വേഷണം. കാമറൂണ്‍ ബാന്‍ക്രോഫ്റ്റ്് എന്ന ഫീല്‍ഡര്‍ സ്വന്തം പാന്റ് പോക്കറ്റില്‍ നിന്നും മഞ്ഞ നിറത്തിലുള്ള ഉരകടലാസ് എടുക്കുന്നത് ക്യാമറയില്‍ വ്യക്തമാണ്. ആ കാഴ്ച്ച ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടപ്പോള്‍ പവിലിയനില്‍ നിന്നും കോച്ച് ഡാരന്‍ ലെഹ്മാന്‍ മൈക്രോഫോണ്‍ എടുക്കുന്നതും വ്യക്തം. കോച്ച് പന്ത്രണ്ടാമനുമായി മൈക്രോഫോണില്‍ സംസാരിക്കുന്നതും ആ സംസാരത്തിന് ശേഷം പന്ത്രണ്ടാമന്‍ മൈതാനത്ത് വരുന്നതും ബാന്‍ക്രോഫ്റ്റിനോട് സംസാരിക്കുന്നതും ക്യാമറയില്‍ വ്യക്തം. ആ സംസാരത്തിന് ശേഷം പോക്കറ്റില്‍ നിന്നും മഞ്ഞ ഉരകടലാസ് എടുത്ത് ട്രൗസറിനുള്ളിലേക്ക് മാറ്റുന്നതും പിന്നെ അമ്പയര്‍മാരുടെ അരികിലേക്ക് പോയി തന്റെ ടവല്‍ എടുത്ത് കാണിച്ച് അയ്യോ ഞാന്‍ ഒന്നും ചെയ്തില്ല എന്ന് പറയുന്നതും ക്യാമറയില്‍ വ്യക്തം. സംഭവദിവസം വൈകീട്ട് വാര്‍ത്താ സമ്മേളനം വിളിച്ച് ബാന്‍ക്രോഫ്റ്റും പിന്നെ നായകനും തെറ്റ് സമ്മതിക്കുന്നതും വ്യക്തം. സത്യങ്ങള്‍ ഇങ്ങനെ ജീവനോടെ സംസാരിക്കുമ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ എന്ത് അന്വേഷണം നടത്താനാണ്…? ഇതിലും വലിയ തെളിവ് അവര്‍ക്ക് ഇനി ലഭിക്കാനുണ്ടോ….?
അഹങ്കാരികളായ കങ്കാരുക്കളുടെ തനിനിറം ലോകത്തിന് മുന്നില്‍ പരസ്യമാക്കിയ സാങ്കേതികതക്കാണ് നന്ദി… സ്മിത്ത് കുറ്റസമ്മതം നടത്താന്‍ കാരണം സാങ്കേതികതയാണ്. നുണ പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തിയതും രാജി നല്‍കിയതും. രാജിക്ക് മുമ്പ് തന്നെ പിടിച്ചുനില്‍ക്കാന്‍ എല്ലാ ശ്രമവും അദ്ദേഹം നടത്തി. ഓസീസ് പ്രധാനമന്ത്രിയുടെ ഇടപെടലിന് ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇനി രക്ഷയില്ല എന്ന സൂചന നല്‍കിയ ശേഷമാണ് അദ്ദേഹം രാജി നല്‍കിയത്. വലിയ മാനസിക സമ്മര്‍ദ്ദം താരങ്ങളെ ബാധിച്ചത് കൊണ്ടാണ് കേപ്ടൗണ്‍ ടെസ്റ്റിന്റെ നാലാം ദിനം തന്നെ അവര്‍ 322 റണ്‍സിന് പരാജയം ഏറ്റുവാങ്ങിയതും. ഓസ്‌ട്രേലിയക്കാര്‍ക്ക് ലഭിച്ച ഈ ആഘാതം എല്ലാ ക്രിക്കറ്റര്‍മാര്‍ക്കും പാഠമാണ്. നിങ്ങള്‍ പൂര്‍ണസമയം ക്യാമറാ നിരീക്ഷണത്തിലാണ്…ജാഗ്രതൈ…!
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനും ഈ കാര്യത്തില്‍ റോളുണ്ട്. സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഐ.പി.എല്ലില്‍ കളിക്കാന്‍ അനുമതി നല്‍കരുത്. ഐ.പി.എല്‍ കച്ചവടമാണ്. കച്ചവടത്തില്‍ ഇടപെടില്ല എന്നതായിരിക്കാം ബി.സി.സി.ഐ നിലപാട്. പക്ഷേ ശ്രീശാന്തിനെ പോലുള്ളവരെ ഇതേ കച്ചവട ക്രിക്കറ്റില്‍ പിടിച്ച് പുറത്താക്കിയതിനാല്‍ അല്‍പ്പം വിശ്വാസ്യത ബി.സി.സി.ഐ നിലനിര്‍ത്തണം. കച്ചവടത്തിന്റെ തലതൊട്ടപ്പനായ ലളിത് മോഡി തുടങ്ങിയതാണ് ഐ.പി.എല്‍ എന്നത് നാട്ടുകാര്‍ക്കറിയാം. ആ മോഡിയെ ബി.സി.സി.ഐ ഇത് വരെ തള്ളിപറഞ്ഞിട്ടില്ല എന്ന സത്യവും മാലോകര്‍ക്കറിയാം. ക്രിക്കറ്റിനെ സത്യത്തില്‍ നന്നാക്കണമെങ്കില്‍ ഇനി ക്യാമറകള്‍ അധികാരകേന്ദ്രങ്ങളിലും സ്ഥാപിക്കണം. അവരുടെ കളികളും കാണികള്‍ക്ക് തല്‍സമയം കാണാമല്ലോ…

SHARE