നവി മുംബൈയില്‍ തുരങ്കം നിര്‍മിച്ച് ബാങ്കില്‍ നിന്ന് ഒരു കോടി രൂപ കൊള്ളടയിച്ചു

മോഷ്ടാക്കള്‍ എന്നാണ് അകത്തു കയറിയത് എന്നതില്‍ വ്യക്തതയില്ല.

മുംബൈ: നവി മുംബൈയിലെ ജുയിനഗറില്‍ തുരങ്കം നിര്‍മിച്ച് വന്‍ ബാങ്ക് കവര്‍ച്ച. നഗരത്തിലെ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നാണ് മോഷ്ടാക്കള്‍ സിനിമാ സ്റ്റൈലില്‍ ഒരു കോടി രൂപയും 27 ലോക്കറുകളിലെ സ്വര്‍ണവും മോഷ്ടിച്ചത്.
മോഷ്ടാക്കള്‍ എന്നാണ് അകത്തു കയറിയത് എന്നതില്‍ വ്യക്തതയില്ല. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുക്കാനായി ബാങ്ക് ജീവനക്കാരനും ഉപഭോക്താവും ലോക്കര്‍മുറിയില്‍ കടന്ന വേളയിലാണ് സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടത്. അടുത്തുള്ള കടയില്‍നിന്നാണ് ഇവിടേക്ക് തുരങ്കം നിര്‍മിച്ചിരുന്നത്. 15 അടി ആഴത്തിലായിരുന്നു തുരങ്കം. ബാങ്കിന് അവധിയായിരുന്ന വെള്ളിയാഴ്ച വൈകിട്ടു മുതല്‍ തിങ്കളാഴ്ച രാവിലെ വരെയുള്ള ഏതെങ്കിലും സമയത്താകാം കവര്‍ച്ച എന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, നഷ്ടത്തില്‍ ഉപഭോക്താവിനായി ചില്ലിക്കാശ് നഷ്ടപരിഹാരം നല്‍കേണ്ടതില്ല എന്നതാണ് ഏറെ രസകരമായ കാര്യം. റിസര്‍വ് ബാങ്ക് നിയമപ്രകാരം ലോക്കറില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട മുതലിന് ബാങ്ക് ഉത്തരവാദിയായിരിക്കില്ല. ഉപഭോക്താവിന്റെ ഉത്തരവാദിത്വത്തിലാണ് ലോക്കറിലെ ആഭരണങ്ങള്‍ എന്ന് ചില ബാങ്കുകള്‍ എഴുതി വാങ്ങാറുണ്ട്.

SHARE