നാട്ടുകാര്‍ പിടികൂടാതിരിക്കാന്‍ പുഴയിലേക്ക് ചാടി, വീണത് വെള്ളമില്ലാത്ത സ്ഥലത്ത്; ‘ഡ്രാക്കുള’ക്ക ഗുരുതര പരിക്ക്

കോട്ടയം: പാലത്തില്‍ നിന്നു പുഴയിലേയ്ക്ക് ചാടിയ കുപ്രസിദ്ധ മോഷ്ടാവ് ‘ഡ്രാക്കുള’ സുരേഷിന്(38) ഗുരുതര പരിക്ക്. മോഷണ ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാനാണ് ഇയാള്‍ പുഴയിലേക്ക് എടുത്തു ചാടിയതെന്ന് പൊലീസ് പറയുന്നു.

പെരുവംമൂഴിയില്‍ കെട്ടിട നിര്‍മാണം നടക്കുന്നിടത്ത് തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന സ്ഥലത്ത് ഇയാള്‍ മോഷണത്തിന് കയറുകയും പഴ്‌സുകള്‍ ഉള്‍പ്പടെയുളളവ കൈക്കലാക്കുകയും ചെയ്തിരുന്നു. ഇത് തൊഴിലാളികള്‍ ഒരാള്‍ കണ്ടതോടെ ഇറങ്ങി ഓടി പരിസരത്തുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നു. നാട്ടുകാര്‍ ഏറെ തിരഞ്ഞിട്ടും കണ്ടെത്തിയില്ല. പിന്നീട് ഇവിടെ നിന്ന് പുറത്തു കടക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാര്‍ പിടികൂടിയെങ്കിലും രണ്ടു പേരുടെ കൈ കടിച്ചു മുറിച്ച് വീണ്ടും കാട്ടിലേയ്ക്ക് ഓടി മറഞ്ഞു. നാട്ടുകാര്‍ ഇയാള്‍ക്കായി കുറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ ഇയാളുടെ ബൈക്ക് സ്ഥലത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ അതിന്റെ ചോക്ക് ഊരിയിട്ട് മോഷ്ടാവിനായി കാത്തിരിക്കുകയായിരുന്നു. രാത്രിയായതോടെ ബൈക്ക് അന്വേഷിച്ചു വന്ന സുരേഷിനെ നാട്ടുകാര്‍ പിടികൂടുമെന്നായതോടെ പെരുവംമൂഴി പാലത്തില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. വെള്ളമില്ലാത്ത സ്ഥലത്ത് വീണതിനാല്‍ ഗുരുതരമായി പരുക്കേറ്റ് രക്ഷപ്പെടാന്‍ സാധിക്കാത്ത അവസ്ഥയിലായി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തിയാണ് ഇയാളെ പുറത്തു കൊണ്ടുവന്നത്. ഇതിനകം 20 ല്‍ അധികം കേസുകളില്‍ പ്രതിയാണ് പുത്തന്‍കുരിശ് സ്വദേശിയായ സുരേഷ്.

SHARE