ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ഉപേക്ഷിക്കുന്ന മോഷ്ടാവ് പിടിയില്‍

പന്തീരങ്കാവ്: ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ശരീരത്തില്‍നിന്ന് ആഭരണങ്ങളും മറ്റും സ്ഥിരമായി മോഷ്ടിക്കുന്ന കള്ളന്‍ പോലീസ് പിടിയില്‍. ഒളവണ്ണ കൊടശ്ശേരി പറമ്പ് സ്വദേശി അനസ് എന്ന ഹ്യുണ്ടായ് അനസാണ് (32) പോലീസിന്റെ പിടിയിലായത്. പന്തീരങ്കാവ് പോലീസും സിറ്റി സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്.

വീടിന്റെ ടെറസ് വഴി അകത്ത് കടന്നും ജനല്‍ വഴിയുമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം കുറ്റിക്കാട്ടൂരിനടുത്ത് ഉമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം കുഞ്ഞിനെ ടെറസില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞിരുന്നു. പുത്തൂര്‍ മഠം, പെരുമണ്ണ, പന്തീരാങ്കാവ് ഭാഗങ്ങളില്‍ ഇത്തരത്തില്‍ നിരവധി മോഷഷങ്ങള്‍ ഇയാള്‍ നടത്തിയിരുന്നതായി പോലീസ് പറയുന്നു.

മോഷണ മുതലുകള്‍ വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ മോഷണ രീതിയുള്ള കള്ളന്മാരുടെ പട്ടിക തയ്യാറാക്കി അന്വേഷണം നടത്തി വരുന്നതിനിടയില്‍ പ്രതിയെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷിച്ചുവന്ന പോലീസ് കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷം അനസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞുനോക്കുന്ന ശീലമായിരുന്നു മോഷണത്തിലേക്ക് തിരിയുവാന്‍ അനസിന് പ്രചോദനമായതെന്ന് പോലീസ് പറയുന്നു. മുന്‍പും നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ കോഴിക്കോട് ജില്ലയിലെ ടൗണ്‍, പന്നിയങ്കര, നല്ലളം, മെഡിക്കല്‍ കോളേജ്, കുന്നമംഗലം, കസബ തുടങ്ങിയ സ്‌റ്റേഷനുകളിലായി നൂറോളം കേസുകള്‍ നിലവിലുണ്ട്.

പല വീടുകളില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചിട്ടുണ്ടെങ്കിലും പോലീസ് പിടികൂടുവാന്‍ സാധ്യതയുള്ളതിനാല്‍ ഇയാള്‍ പുഴയിലും മറ്റും ഉപേക്ഷിക്കുകയാണ് പതിവ്. മോഷണമുതല്‍ വിറ്റുകിട്ടുന്ന പണം മുംബൈ, ഗോവ പോലുള്ള സ്ഥലങ്ങളില്‍ ആര്‍ഭാട ജീവിതം നയിക്കുന്നതിനും മയക്കുമരുന്ന് ഉപയോഗത്തിനും വേണ്ടിയാണ് അനസ് ചിലവഴിച്ചത്. മോഷണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷിച്ച് വരുകയാണ്.

പന്തീരാങ്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു. കെ. ജോസ്, സബ് ഇന്‍സ്‌പെക്ടര്‍ വി.എം ജയന്‍, എസ്.ഐ മുരളീധരന്‍, ഉണ്ണി, സിറ്റി സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ മോഹന്‍ദാസ്, മുഹമ്മദ് ഷാഫി, സജി, ഷാലു, അഖിലേഷ്, ഹാദില്‍ കുന്നുമ്മല്‍, നവീന്‍, ജിനേഷ് എന്നിവരുള്‍പ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്.

SHARE