‘അടുത്ത ദിവസങ്ങളില്‍ അവര്‍ എന്നെയും കൊലപ്പെടുത്തും’; ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ പൊലീസ് ഓഫീസറുടെ ഭാര്യ

ലക്‌നൗ: അടുത്ത ദിവസങ്ങളില്‍ അവര്‍ എന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ പൊലീസ് ഓഫീസര്‍ സുബോധ്കുമാര്‍ സിംഗിന്റെ ഭാര്യ രജനി സിംഗ്.

‘നിയമവ്യവസ്ഥയില്‍ അസ്വസ്ഥയാണ്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങളായി ഇവര്‍ എന്നെയും കൊലപ്പെടുത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഇതിനെക്കുറിച്ച് ആരോടാണ് പരാതിപ്പെടുക? ആരാണ് പരാതികേള്‍ക്കാനുള്ളത് എന്നും അവര്‍ ചോദിച്ചു’. പശുവിന്റെ പേരിലുണ്ടായ ആക്രമണത്തിന്റെ പേരില്‍ 400 ഓളം പേര്‍ ചേര്‍ന്നാണ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെ കൊലപ്പെടുത്തിയത്. കേസിലെ ആറു പ്രതികളെ നേരത്തെ സെഷന്‍സ് കോടതി ജാമ്യത്തില്‍ വിട്ടിരുന്നു.

പുറത്തിറങ്ങിയ പ്രതികള്‍ക്ക് ബജ്രഗംദള്‍ പ്രവര്‍ത്തകര്‍ വന്‍സ്വീകരണം നല്‍കിയത് നേരത്തെ വിവാദമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ബുലന്ദ്ഷഹറിലെ വനമേഖലയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കലാപമുണ്ടായത്. കലാപത്തിനിടെയാണ് സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത്.

തട്ടിക്കൊണ്ടുപോയ കാറില്‍ കൊല്ലപ്പെട്ട നിലയിലാണ് ഇന്‍സ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പശുവിനെ കടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിംഗ്. ക്രൂരമായി മര്‍ദ്ദിച്ചാണ് സംഘ്പരിവാര്‍ ഗുണ്ടകള്‍ ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയത്.

SHARE