രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: കേള്‍ക്കുന്നതെല്ലാം കിംവദന്തികളെന്ന് സുഷമ

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കുളള പൊതുസ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വാര്‍ത്തകള്‍ പരക്കെ അഭിപ്രായം തുറന്ന് പറഞ്ഞ് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. പരിഗണന പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയുള്ള വാര്‍ത്തകള്‍ നിഷേധിച്ചാണ് സുഷമ രംഗത്തെത്തിയത്. തന്നെ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള വാര്‍ത്തകള്‍ വെറും കിംവദന്തികളാണെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഞാന്‍ വിദേശകാര്യ മന്ത്രിയാണ്, പക്ഷെ നിങ്ങള്‍ എന്നോട് ആഭ്യന്തര വിഷയങ്ങളാണ് ചോദിക്കുന്നതെന്നുമായിരുന്നു മാധ്യമങ്ങളോടുള്ള സുഷമ സ്വരാജിന്റെ പ്രതികരണം. കൂടാതെ നിങ്ങള്‍ കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങളാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

പൊതു സ്ഥാനാനാര്‍ത്ഥിക്കായി ചര്‍ച്ചകള്‍ സജീവമാണെങ്കിലും കേന്ദ്രമോ പ്രതിപക്ഷമോ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂണ്‍ 28-ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതിയാണ്. വോട്ടെണ്ണല്‍ ജൂലൈ 20നും.