മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നോക്കുകുത്തിയായി തുടരുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് നിശ്ചലം. ഏപ്രില്‍ 11ന് ശേഷം സൈറ്റില്‍ അപ്‌ഡേഷന്‍ ഇല്ല. ഏപ്രില്‍ 11ലെ മന്ത്രിസഭാ യോഗതീരുമാനങ്ങളാണ് അവസാനമായി വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്നത്. തുടര്‍ന്നു നടന്ന മന്ത്രിസഭാ യോഗങ്ങളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കാണാനില്ല. അവസാനമായി നല്‍കിയിരിക്കുന്ന വാര്‍ത്താക്കുറിപ്പാകട്ടെ ഏപ്രില്‍ 10നാണ്. ഓഖി ദുരന്തത്തില്‍ കാണാതായവര്‍ക്ക് ധനസഹായം വിതരണം ചെയ്തതാണിത്. സൈറ്റില്‍ കത്തുകള്‍ എന്ന കോളത്തില്‍ ഫെബ്രുവരി 24ന് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് മുഖ്യമന്ത്രി അയച്ച കത്താണ് അവസാനമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മന്ത്രിസഭാ യോഗ തീരുമാനം ഉള്‍പെടെ പ്രധാനപ്പെട്ട വിവരങ്ങള്‍ 24 മണിക്കുറിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന നിയമം നിലനില്‍ക്കെയാണ് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുന്നത്. ഭാരിച്ച തുക ശമ്പളം നല്‍കി മുഖ്യമന്ത്രിയുടെ മാധ്യമവിഭാഗം കൈകാര്യം ചെയ്യാനും സോഷ്യല്‍ മീഡിയ പ്രചരണത്തിനും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.