സമാധാനത്തിനും സുസ്ഥിരതക്കും ബദലായി മറ്റൊന്നുമില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

ജമ്മു: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തി.

സമാധാനത്തിനും സുസ്ഥിരതക്കും ബദലായി മറ്റൊന്നുമില്ല. രാജ്യത്തെ യുവാക്കളെ നഷ്ടപ്പെട്ടുപോയ അവരുടെ മുഖ്യധാരയിലേക്ക് തിരിച്ചുവരാനായി ഞാന്‍ ക്ഷണിക്കുന്നു. മാതാപിതാക്കളും കുടുംബവുമായ അവരുടെ മുഖ്യധാരയിലേക്ക്. വികസനത്തിനായി നല്‍കുന്ന സംഭാവനയാണ് അവരുടെ മുഖ്യധാര, ശ്രീനഗറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ബന്ദിപ്പോരയില്‍ നിര്‍മ്മിച്ച കിഷന്‍ഗംഗ ജലവൈദ്യൂത പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. 330 മെഗാവാട്ടാണ് പദ്ധതിയയുടെ ശേഷി. തുടര്‍ന്ന് കാര്‍ഗില്‍ ജില്ലയിലെ ദ്രാസില്‍ നിര്‍മ്മിക്കുന്ന ഭൂഗര്‍ഭ പാതക്കും മോദി തറക്കല്ലിടും. പിന്നീട് ലഡാകി ആത്മീയ നേതാവ് കൗശക് ബകുലയുടെ നൂറാം ജന്‍മിദിനാഘോഷ ചടങ്ങിലും പങ്കെടുക്കും. ഞായറാഴ്ച ജമ്മുവിലെ ഷേര്‍ ഇ കശ്മീര്‍ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ചറല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലെ യാത്രയയപ്പ് ചടങ്ങിലും സംബന്ധിക്കും.

മോദിയുടെ സന്ദര്‍ശനത്തിനെതിരെ ബന്ദിന് വിഘടനവാദികള്‍ ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ജമ്മുവിലെയും ശ്രീനഗറിലെയും എല്ലാ പ്രവേശന കവാടങ്ങളിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ശന പരിശോധനകള്‍ക്ക് ശേഷമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂവെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


ഇന്നലെ ആര്‍.എസ് പുര മേഖലയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ജവാനും രണ്ട് സിവിലിയനും കൊല്ലപ്പെട്ടിരുന്നു.