എന്‍.ആര്‍.സി രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അസമിനു വേണ്ടി മാത്രമാണ് എന്‍.ആര്‍.സിയെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതു നടപ്പാക്കില്ലെന്നും കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഇതു വളരെ ദൗര്‍ഭാഗ്യകരമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ അഭ്യൂഹങ്ങള്‍ ഉപയോഗിക്കുകയാണ്. ചിലര്‍ അരാജകത്വം പ്രചരിപ്പിക്കാന്‍ എന്‍.ആര്‍.സിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ നല്ല ചിന്തകളേ നിലനില്‍ക്കൂ എന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

ഒരു ഇന്ത്യക്കാരന്റെയും പൗരത്വം സി.എ.എ വഴി നഷ്ടപ്പെടില്ല. മുസ്‌ലിംകള്‍ അടക്കമുള്ള ഒരു സമുദായവും ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവരും രാജ്യത്തിന്റെ പുരോഗതിയില്‍ തുല്യ പങ്കാളികളാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്‍.ആര്‍.സിയില്‍ ആശങ്കപ്പെടേണ്ടതില്ല. അത് അസമില്‍ മാത്രമേയുണ്ടാകൂ. രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്കും അതുണ്ടാവില്ല. നിങ്ങള്‍ സംസാരിക്കുന്നത് ഒരു ജനിക്കാത്ത കുട്ടിയെക്കുറിച്ചാണ്.

എന്‍.ആര്‍.സി ആര്‍ക്കു വേണ്ടിയാണ്? അത് ഇന്ത്യക്കാര്‍ക്കു വേണ്ടിയാണ്. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കു വേണ്ടിയാണ് അതെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. ഒരു സര്‍ക്കാരും ഇത് രഹസ്യമായി കൊണ്ടുവരില്ല.’ അദ്ദേഹം പറഞ്ഞു.

SHARE