“ഹൗഡി മോദി”; അമേരിക്കന്‍ പര്യടനത്തിനായി പ്രധാനമന്ത്രി ഇന്ന് പുറപ്പെടും

ന്യൂഡല്‍ഹി: ഏഴ് ദിവസത്തെ യുഎസ് പര്യടനത്തിനൊരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് തിരിക്കും. ശനിയാഴ്ച ഉച്ചമുതലാണ് ഔദ്യോഗിക പര്യടനം തുടങ്ങുന്നത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുമെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. ശനിയാഴ്ച ഹൂസ്റ്റണിലെത്തുന്ന മോദി ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി റാലിയെ അഭിസംബോധന ചെയ്യും.

റാലിയില്‍ ട്രംപും സബന്ധിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ഹൂസ്റ്റണില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് തിരിക്കുന്ന മോദി 27ന് രാവിലെയാണ് യു.എന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യുക. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 24ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന പ്രത്യേക പ്രഭാഷണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.