തെലങ്കാനയില്‍ ടി.ആര്‍.എസിന് വെല്ലുവിളിയുമായി കോണ്‍ഗ്രസ്: ഭരണം പിടിക്കാന്‍ ടിഡിപി-സിപിഐ സഖ്യവുമായി രംഗത്ത്

ഹൈദരാബാദ്: തെലങ്കാനയില്‍ ഭരണം പിടിച്ചെടുക്കാന്‍ പുതിയ സഖ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ്-ടി.ഡി.പി-സി.പി.ഐ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. കാലാവധി തികയും മുമ്പേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നീക്കം.

കോണ്‍ഗ്രസ്സിന്റെ പുതിയ സഖ്യത്തിന് സീറ്റ് ധാരണയായതായാണ് റിപ്പോര്‍ട്ട്. ഇത് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് കനത്ത വെല്ലുവിളിയാവും. ആകെയുള്ള 119 സീറ്റുകളില്‍ കോണ്‍ഗ്രസ് 90 സീറ്റുകളിലും ബാക്കി സീറ്റുകള്‍ സഖ്യ കക്ഷികള്‍ക്കും നല്‍കാനാണ് ധാരണ.

ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയും സി.പി.ഐയും കൈകോര്‍ത്താല്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് 90 സീറ്റുകളിലും 20 സീറ്റില്‍ ടി.ഡി.പിയും ബാക്കിയുളളവയില്‍ സി.പി.ഐയും മത്സരിക്കുമെന്നാണ് വിവരം.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് വിശാല പ്രതിപക്ഷ ഐക്യത്തിന് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയും കൂടി കൈകോര്‍ക്കുന്നതിലേക്ക് തെലങ്കാനയിലെ പുതിയ സഖ്യം വഴിതുറക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, പുതിയ സഖ്യം യാഥാര്‍ഥ്യമായാല്‍ തെലങ്കാനയില്‍ ബി.ജെ.പി മൂന്നാം സ്ഥാനക്കാരാവും. ടി.ആര്‍.എസുമായി സഖ്യത്തിന് ബി.ജെ.പി ശ്രമിച്ചെങ്കിലും ഇത് ചന്ദ്രശേഖര്‍ റാവു നേരത്തെ തളളിയിരുന്നു.

SHARE