രാഹുല്‍ തന്നെ അടുത്ത പ്രധാനമന്ത്രി: തേജസ്വി യാദവ്

പട്‌ന: രാഹുല്‍ ഗാന്ധി തന്നെയായിരിക്കും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന് ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. പട്‌നയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ജന്‍ ആക്രോഷ് റാലിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു തേജസ്വി. ബിഹാറിനോട് മോദിക്ക് ചിറ്റമ്മ നയമാണ്. പണ്ടു നല്‍കിയ വാഗ്ദാനങ്ങളെക്കുറിച്ച് മോദിയോട് ആരെങ്കിലും ചോദിച്ചാല്‍, അവരുടെ അടുത്തേക്ക് ഉടന്‍ സി.ബി.ഐയേയും എന്‍ഫോഴ്‌സ്‌മെന്റിനേയും അയച്ച് വേട്ടയാടുകയാണ്. നുണയുടെ മൊത്തക്കച്ചവടക്കാരന്‍ നടത്തുന്ന ഫാക്ടറിയാണ് മോദിയുടേത്. ലാലു(ലാലു പ്രസാദ് യാദവ്)വിനെതിരെ നിങ്ങള്‍ക്ക് പല ആരോപണങ്ങളും ഉന്നയിക്കാനാവും. എന്നാല്‍ ബിഹാറിലെ ജനങ്ങളുടെ ഹൃദയത്തില്‍നിന്ന് നിങ്ങള്‍ക്ക് അദ്ദേഹത്തെ എടുത്തു മാറ്റാനാവില്ലെന്നും തേജസ്വി വ്യക്തമാക്കി.
പ്രധാനമന്ത്രിയാകാന്‍ യോഗ്യതയും കഴിവുമുള്ളയാളാണ് രാഹുല്‍ ഗാന്ധിയെന്ന് തേജസ്വി പറഞ്ഞു. രാജ്യത്തിന്റെ പരമോന്നത ഓഫീസില്‍ എത്തിയാല്‍ താങ്കള്‍ ബിഹാറിനെ പ്രത്യേകം പരിഗണിക്കണം. കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ കക്ഷിയാണ്. ജനാധിപത്യം സംരക്ഷിക്കാനുള്ള ഏറ്റവും വലിയ ഉത്തരവാദിത്തം നിക്ഷിപ്തമായിരിക്കുന്നതും രാഹുല്‍ ഗാന്ധിയിലും കോണ്‍ഗ്രസിലുമാണെന്ന് തേജസ്വി പറഞ്ഞു.
ആര്‍.ജെ.ഡി, ആര്‍.എല്‍.എസ്.പി, എച്ച്.എ.എം എന്നീ കക്ഷികള്‍ ഉള്‍കൊള്ളുന്ന മഹാസഖ്യത്തിന്റെ ബാനറിലാണ് കോണ്‍ഗ്രസ് ബിഹാറില്‍ ജനവിധിയെ നേരിടാനൊരുങ്ങുന്നത്. സഖ്യ കക്ഷി നേതാക്കളേയെല്ലാം ഒരേ വേദിയില്‍ അണി നിരത്തിയായിരുന്നു രാഹുലിന്റെ ജന്‍ ആക്രോഷ് റാലി.

SHARE