വൈദികന്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി മരിച്ചു; കോവിഡ് മരണത്തില്‍ യൂറോപ്പില്‍ ഒന്നാമതായി ബ്രിട്ടന്‍

ലണ്ടന്‍: കോവിഡ് 19 രോഗം ബാധിച്ച് ബ്രിട്ടനില്‍ വൈദികന്‍ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. യാക്കോബായ സഭാ വൈദികന്‍ ഫാ. ബിജി മാര്‍ക്കോസ് (54) മരിച്ചതു ലണ്ടനില്‍ വച്ചാണ്. ലണ്ടന്‍ സെന്റ് തോമസ് പള്ളി വികാരിയും കോട്ടയം വാകത്താനം സ്വദേശിയുമാണ്.

പ്രിസ്റ്റണില്‍ കെയര്‍ഹോമിലില്‍ ജോലിചയ്തു വരുന്ന സണ്ണി ജോണ്‍ (68) ആണ് മരിച്ച രണ്ടാമത്തെ മലയാളി. രണ്ടാഴ്ചയിലേറെയായി ചികില്‍സയിലായിരുന്ന ജോണ്‍ ഇന്നലെ രാത്രിയാണു മരിച്ചത്. സംസ്‌കാരം പിന്നീടു നടത്തും. കൂത്താട്ടുകുളം സ്വദേശയായ സണ്ണി ജോണ്‍ അടുത്തിടെ പിറവത്തേക്കു താമസം മാറ്റിയിരുന്നു. ഭാര്യ എല്‍സി, നെല്‍സണ്‍ (മാഞ്ചസ്റ്റര്‍) ഡിക്‌സണ്‍ (ഇംപീരിയല്‍ കോളജ് ലണ്ടന്‍) എന്നിവര്‍ മക്കളാണ്.

കോവിഡ് ബാധിച്ച് ബ്രിട്ടനില്‍ മരിക്കുന്ന പതിനൊന്നാമത്തെ മലയാളിയാണ് സണ്ണി ജോണ്‍. യൂറോപ്പില്‍ അയര്‍ലന്‍ഡ്, ഇറ്റലി, ജര്‍മനി എന്നിവിടങ്ങളിലും ഓരോ മലയാളികള്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

അതേസമയം, യൂറോപ്പില്‍ ഇറ്റലിയെ മറികടന്നു ഏറ്റവുമധികം കൊറോണ മരണങ്ങളുള്ള രാജ്യമായി ബ്രിട്ടണ്‍. ചൊവ്വാഴ്ച മരണ നിരക്ക് 29,427 ആയി ഉയര്‍ന്നത്. ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് അനുസരിച്ച് ബ്രിട്ടനിലെ മരണസംഖ്യ 33,000 പിന്നിട്ടുണ്ട്. അതേസമയം, സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക് പ്രകാരം മരണത്തിന്റെ കാര്യത്തില്‍ യുകെ ലോകത്തിലെ ഏറ്റവും മോശമായ രണ്ടാമത്തെ രാജ്യമാക്കി മാറ്റുന്നു, 28734 പേരാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച മാത്രം ലണ്ടനിലും വെയ്ല്‍സിലും 7000ത്തോളം പേര്‍ മരിച്ചു. കൊവിഡ് 19 യൂറോപ്പില്‍ ഏറ്റവും മോശമായി ബാധിച്ചത് ബ്രിട്ടനെയാണെന്നാണ് വിലയിരുത്തല്‍. ആസ്പത്രികളില്‍ മരിക്കുന്ന കൊവിഡ് രോഗികളുടെ കണക്ക് മാത്രമാണ് യുകെ ഗവണ്‍മെന്റ് പുറത്തുവിടുന്നത്.

ഇറ്റലിയില്‍ കുറഞ്ഞ ജനസംഖ്യയുള്ളതാണ് മരണസംഖ്യയില്‍ ബ്രിട്ടണ് പിന്നാലാവാന്‍ കാരണം. ഇറ്റലിയില്‍ ഇതുവരെ 29315 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിനേക്കാള്‍ കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇറ്റലിയില്‍ സ്ഥിതിഗതികള്‍ രൂ്ക്ഷമായിട്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ വൈകിയെന്നും മതിയായ പരിശോധന സംവിധാനവും ചികിത്സാ സംവിധാനവും ഒരുക്കിയില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. യുകെയില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചത്.
ലോകത്താകമാനമുള്ള കൊവിഡ് മരണം 2.65 ലക്ഷമായി ഉയര്‍ന്നു. അമേരിക്കയില്‍ 74,800 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളിലും മരണ സംഖ്യ 25000 കടന്നു.