“കാത്തിരിക്കൂ….” മെസിയുമായി ഒരുമിക്കുന്നെന്ന് നെയ്മര്‍

റിയോ: തിരിച്ചുവരുമോ മെസി-നെയ്മര്‍ സഖ്യം…? സാധ്യത തള്ളിക്കളയേണ്ടതില്ല. നെയ്മര്‍ ഇന്നലെ നടത്തിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഒരു സൂചനയാണ്. അതിലെ വരികള്‍ ഇപ്രകാരം-ഞാനും എന്റെ പ്രിയ സുഹൃത്ത് ലിയോ മെസിയും ഒരുമിച്ചപ്പോള്‍ പല വലിയ കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കു….. ഈ വരികള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം നടന്ന മെസിയുടെ വിവാഹചടങ്ങിലെ ഒരു ചിത്രവും നെയ്മര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ പോസ്റ്റ് നെയ്മര്‍ ട്വിറ്ററിലും ഷെയര്‍ ചെയ്തിട്ടുണ്ട്. ബ്രസീന്‍ സൂപ്പര്‍ താരത്തിന്റെ പുതിയ പോസ്റ്റ് ഫുട്‌ബോള്‍ ആരാധകര്‍ പലതരത്തിലാണ് പ്രചരിപ്പിക്കുന്നത്. നെയ്മര്‍ ബാര്‍സക്ക് മടങ്ങി വരുന്നെന്നും പിഎസ്ജി വിടുന്നെന്നും പറയുന്നവരാണ് അധികവും. എന്നാല്‍ ബാര്‍സയുടെ നടുന്തൂണായ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി നെയ്മറിനൊപ്പം പി.എസ്ജിയില്‍ എത്തുന്നു എന്നുവരെ അനുമാനിക്കുന്നവരും കൂട്ടത്തിലുണ്ട്. അതേസമയം മുന്‍ താരത്തിന്റെ പുതിയ പോസ്റ്റില്‍ വിറളി പിടിച്ചിരിക്കുകയാണ് ബാര്‍സ ആരാധകര്‍.

2013 മുതല്‍ 2017 വരെ ബാര്‍സിലോണയില്‍ മെസിയും നെയ്മറും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഈ സീസണിന്റെ തുടക്കത്തിലാണ് നെയ്മര്‍ ബാര്‍സ വിട്ട് ഫ്രഞ്ച് ക്ലബായ പാരീസ് സെന്റ്് ജര്‍മനിലെത്തിയത്. എന്നാല്‍ പി.എസ്.ജിയില്‍ താന്‍ സംതൃപ്തനല്ലെന്ന് തെളിയിക്കുന്ന കുറിപ്പുകള്‍ നെയ്മര്‍ തന്നെ പോസ്റ്റ് ചെയ്യുമ്പോള്‍ ബാര്‍സ പ്രതീക്ഷകളിലാണ്. കാല്‍പാദത്തില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് നാട്ടില്‍ വിശ്രമത്തിലാണിപ്പോള്‍ നെയ്മര്‍. ലോകകപ്പോടെ ദേശീയ സംഘത്തില്‍ അദ്ദേഹം സജീവമാവുമെന്നാണ് കരുതപ്പെടുന്നത്. നെയ്മറെ കൂടാതെ തന്നെ പി.എസ്.ജി ഫ്രഞ്ച് ലീഗില്‍ കിരീടം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. 30 മല്‍സരങ്ങളാണ് ഈ സിസണില്‍ അദ്ദേഹം പി.എസ്.ജിക്കായി കളിച്ചത്. ഇതില്‍ 29 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യുകയും ചെയ്തു.

SHARE