ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി പ്രതിഷേധത്തിനെതിരെ ഡല്‍ഹില്‍ മൂന്നാമതും വെടിവെപ്പ്. ജാമിഅ മില്ലിയ സര്‍വ്വകലാശാലയുടെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപമാണ് വെടിവെപ്പുണ്ടായത്. ചുവന്ന സ്‌കൂട്ടറിലെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ജാമിഅക്ക് സമീപം ഇന്നലെ രാത്രി വെടിവയ്പ്പ് നടന്ന സ്ഥലത്ത് നിന്നും ബുള്ളറ്റ് ഷെല്ലുകളൊന്നും കണ്ടെത്താനായില്ലെന്ന് ഡല്‍ഹി പോലീസ് പ്രതികരിച്ചു. എന്നാല്‍ സംഭവത്തില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി അന്വേഷണം നടക്കുന്നുണ്ട്. വെടവെപ്പിന് പിന്നാലെ ഇന്നലെ അര്‍ദ്ധ രാത്രിയില്‍ ജാമിഅ വിദ്യാര്‍ത്ഥികള്‍ വന്‍പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ജാമിഅ മില്ലയയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തിരുന്നു.
കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ നടത്തിയ ആഹ്വാനത്തിന് പിന്നാലെ ഡല്‍ഹിയില്‍ ദിവസങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് വെടിവെയ്പ്പുണ്ടാവുന്നത്.
ഒരു മാസത്തിലേറെയായി ഷഹീന്‍ ബാഗില്‍ സ്ത്രീകളും കുട്ടികളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുക സ്ഥലത്താണ് കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായത്. ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കപില്‍ ഗുര്‍ജാര്‍ എന്ന് യുവാവാണ് രണ്ടു തവണ നിറയൊഴിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തു കൊണ്ടു പോകുമ്പോള്‍ പ്രതി ജയ് ശ്രീ രാം മുഴക്കുന്നുണ്ടായിരുന്നു. നമ്മുടെ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ അവശേഷിക്കാവൂ എന്നും കബില്‍ പറഞ്ഞു.
ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയ്ക്ക് സമീപം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗോപാല്‍ ശര്‍മ എന്ന പതിനേഴുകാരന്‍ വെടിവെപ്പ് നടത്തിയിരുന്നു. ഷഹീന്‍ബാഗ്(പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രം) അവസാനിപ്പിക്കണമെന്ന് അക്രമി ആവര്‍ത്തിച്ച് അവകാശപ്പെടുന്നുണ്ടായിരുന്നു. ജാലിയന്‍വാലാ ബാഗിലെ വിധി തന്നെ(1919ല്‍ സ്വാതന്ത്ര്യ സമര സേനാനികളെ നിഷ്‌കരുണം വെടിവെച്ചുകൊന്ന ജനറല്‍ ഡയറിന്റെ നടപടി) ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കും നല്‍കണമെന്നാണ് ഇയാള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.