പള്ളി പൊളിച്ച വാര്‍ത്ത കേള്‍ക്കേണ്ടി വന്നില്ല, രണ്ടു മക്കള്‍ കലാപത്തില്‍ കൊല്ലപ്പെട്ടു; ഇത് ബാബരി മസ്ജിദിലെ അവസാന ഇമാമിന്റെ കഥ

ഫൈസാബാദ്: ഹാജി അബ്ദുല്‍ ഗഫ്ഫാര്‍ ആയിരുന്നു 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ തകര്‍ത്ത ബാബരി മസ്ജിദിലെ അവസാനത്തെ ഇമാം. 1949ല്‍ പള്ളിയിലെ മദ്ധ്യഭാഗത്തെ താഴികക്കുടത്തിന് താഴെ രാംലല്ല വിഗ്രഹം രഹസ്യമായി സ്ഥാപിച്ചതിന് സാക്ഷിയായിരുന്നു ഹാജി. അതിനു ശേഷമാണ് ജില്ലാ ഭരണകൂടം ദിവസേനയുള്ള പൂജയ്ക്ക് പള്ളിയില്‍ അനുമതി നല്‍കിയതും പള്ളി പൂട്ടിയതും.

‘യുദ്ധമില്ലാത്ത ഇടം എന്നാണ് അയോദ്ധ്യയുടെ അര്‍ത്ഥം. എന്നാല്‍ അയോദ്ധ്യ ഇവിടെ മാത്രമല്ല, അവധ് മേഖലയില്‍ മുഴുവന്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കി’ – ബാബരി മസ്ജിദ് പൊളിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മാദ്ധ്യമപ്രവര്‍ത്തക ശിഖ ത്രിവേദിയോട് ഹാജി പറഞ്ഞതിങ്ങനെയാണ്.

ബാബരി തകര്‍ക്കപ്പെട്ടതിന്റെ തൊട്ടടുത്ത വര്‍ഷം നരസിംഹറാവു സര്‍ക്കാര്‍, ബാബരി നിലകൊള്ളുന്ന 2.77 ഏക്കര്‍ അടക്കം 67 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. പ്രദേശത്തുടനീളം സേനയെ വിന്യസിക്കുകയും ചെയ്തു.

ബാബരി തകര്‍ക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് ഹാജി അബ്ദുല്‍ ഗഫ്ഫാര്‍ അന്തരിച്ചത്. അതു കൊണ്ടു തന്നെ പള്ളി പൊളിച്ചതും അതിനു ശേഷമുണ്ടായ വര്‍ഗീയ കലാപവും അദ്ദേഹത്തിന് കാണേണ്ടി വന്നില്ല. എന്നാല്‍ ആ ഭാഗ്യം അദ്ദേഹത്തിന്റെ മക്കള്‍ക്കുണ്ടായില്ല. ഹാജിയുടെ രണ്ട് മക്കളും ഡിസംബര്‍ ആറിന് നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ അടക്കം 16 പേരാണ് ആ കലാപത്തില്‍ കൊല്ലപ്പെട്ടത്.

‘എന്റെ പിതാമഹന്‍ ഹൃദയം തകര്‍ന്നാണ് മരിച്ചത്. എന്നാല്‍ ബാബരി തകര്‍ക്കപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ തിരിച്ചുവിളിച്ച് അല്ലാഹു ദയ കാട്ടി. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടു മക്കള്‍, എന്റെ ഉപ്പ മുഹമ്മദ് ഷബീറിനെയും പിതൃസഹോദരന്‍ മുഹമ്മദ് നസീറിനെയും കര്‍സേവകര്‍ ആ രാത്രി തന്നെ കൊന്നു. ഫൈസാബാദ്-അയോദ്ധ്യ റോഡിലെ വീടിന് പുറത്തു വച്ചായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്’ – അന്ന് 22 വയസ്സുണ്ടായിരുന്ന ഷാഹിദ് (ഹാജിയുടെ പേരമകന്‍) ഓര്‍ക്കുന്നു.

ഷാഹിദ് – ഫോട്ടോ ശിഖ ത്രിവേദി (കടപ്പാട്: ദ പ്രിന്‍റ്)

കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന മരമില്ലും കര്‍സേവകര്‍ കത്തിച്ചു. ‘ഞങ്ങള്‍ക്ക് ഏകദേശം 10-15 ലക്ഷം രൂപയുടെ മരവും യന്ത്രങ്ങളും നഷ്ടമായി. എന്നാല്‍ രണ്ടു ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരമായി കിട്ടിയത്’ – ഇപ്പോള്‍ അയോദ്ധ്യയില്‍ ഓട്ടോ ഓടിക്കുന്ന ഷാഹിദ് പറയുന്നു.

’16 മുസ്‌ലിംകളാണ് ബാബരി തകര്‍ക്കപ്പെട്ടതിന് പിന്നാലെ അയോദ്ധ്യയില്‍ കൊല്ലപ്പെട്ടത്. പൊലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തി മയ്യിത്തുകള്‍ മറവു ചെയ്തു. എന്നാല്‍ ഇന്നുവരെ ഇതേക്കുറിച്ച് ഒരന്വേഷണത്തിന് പൊലീസ് തയ്യാറായിട്ടില്ല. ആരെയും ചോദ്യം ചെയ്തുമില്ല. ആര്‍ക്കുമെതിരെ കേസുമില്ല’ – പ്രാദേശിക പത്രമായ ജന്‍മോര്‍ച്ചയുടെ എഡിറ്റര്‍ ശീതള സിങ് പറയുന്നു.

കടപ്പാട്- ദ പ്രിന്‍റ് പ്രസിദ്ധീകരിച്ച What the last imam of Babri Masjid told me a few months before the demolition എന്ന ശിഖ ത്രിവേദിയുടെ ലേഖനം

SHARE