ബാഴ്‌സലോണ: ബാഴ്‌സലോണ ടീമില്‍ തന്റെ പിന്‍ഗാമിയാരാവണമെന്ന് സൂചന നല്‍കി സൂപ്പര്‍ താരം ലിയോണല്‍ മെസി. പി എസ് ജി താരം നെയ്മറാവണം ബാഴ്‌സയില്‍ തന്റെ പിന്‍ഗാമിയെന്ന് മെസി സൂചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. നെയ്മര്‍ക്ക് വഴിയൊരുക്കാനായി ആവശ്യമെങ്കില്‍ ബാഴ്‌സ വിടാനും താന്‍ തയാറാണെന്നും മെസി നെയ്മറോട് സൂചിപ്പിച്ചിരുന്നു.
നമ്മളൊരുമിച്ചാല്‍ മാത്രമെ ബാഴ്‌സക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനാവൂ എന്ന് വ്യക്തമാക്കി മെസി നെയ്മര്‍ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നതായി ഫ്രാന്‍സ് ഫുട്‌ബോളിനെ ഉദ്ധരിച്ച് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു. നിങ്ങള്‍ തിരിച്ചുവരണം, രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ബാഴ്‌സ വിടും. അപ്പോള്‍ നിങ്ങള്‍ തനിച്ചാവും. ആ സമയം എന്റെ സ്ഥാനം നിങ്ങളേറ്റെടുക്കണമെന്നും മെസി നെയ്മറോട് പറഞ്ഞു.
ലൂയി സുവാരസിന്റെ പത്താം വിവാഹ വാര്‍ഷികത്തിനിടെ മെസിയും നെയ്മറും പരസ്പരം കൂടിക്കാഴ്ച നടത്തിയിരുന്നു. ബാഴ്‌സലോണയില്‍ മെസിയുടെ സഹതാരമായിരുന്ന നെയ്മര്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് പി എസ് ജിയിലേക്ക് പോയത്. എന്നാല്‍ പി എസ് ജിയ്ക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കാന്‍ നെയ്മര്‍ക്കായിരുന്നില്ല. ബാഴ്‌സയിലേക്ക് തിരിച്ചുവരാനുള്ള നെയ്മറുടെ ശ്രമങ്ങള്‍ക്ക് പി എസ് ജി ഇടങ്കോലിടുകയും ചെയ്തിരുന്നു.