മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് വൈകീട്ട് 6.40ന് ദാദറിലെ ശിവാജി പാര്‍ക്കിലായിരുന്നു ത്രികക്ഷി സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നിരവധിയാളുകള്‍ ശിവജി പാര്‍ക്കില്‍ എത്തിയിട്ടുണ്ട്. ഡിസംബര്‍ 3ന് മുമ്പായി ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കണം.

ഒരാഴ്ചക്കിടയില്‍ രണ്ടാമത്തെ മുഖ്യമന്ത്രി മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന പ്രത്യേകത ഉണ്ട്. ഇരുട്ടിന്റെ മറവില്‍ ബി.ജെ.പി നടത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള മറുപടി കൂടിയായി ഉദ്ദവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. ശിവസേന നേതാവ് എന്ന നിലയിലും മഹാരാഷ്ട്രയിലെ പ്രമുഖ കുടുംബമായ താക്കറെ കുടുംബത്തില്‍ നിന്നും മുഖ്യമന്ത്രി കസേരയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ് താക്കറെ. 1966-ല്‍ ബാല്‍താക്കറെ ശിവസേന രൂപീകരണ പ്രഖ്യാപനം നടത്തിയ അതേ ശിവാജി പാര്‍ക്കില്‍ വച്ചാണ് എന്‍സിപി കോണ്‍ഗ്രസ് പിന്തുണയോടെ ഉദ്ദവ് അധികാരത്തിലേറുന്നത്.

മന്ത്രിസഭയുടെ ഘടന സംബന്ധിച്ച കാര്യത്തില്‍ ഘടക കക്ഷികള്‍ തമ്മില്‍ ധാരണ രൂപപ്പെട്ടിട്ടുണ്ട്. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദത്തിന് പുറമേ 15 മന്ത്രിമാര്‍ ഉണ്ടാവും. കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും 13 മന്ത്രിമാരും, എന്‍സിപിക്ക് ഉപമുഖ്യമന്ത്രി പദവും 13 മന്ത്രിമാരും എന്നാണ് ഇപ്പോള്‍ മുന്നണിയില്‍ രൂപപ്പെട്ടിരിക്കുന്ന ധാരണ.

അതേസമയം ബി.ജെ.പിക്ക് ഒപ്പം ചേര്‍ന്ന് വെറും 80 മണിക്കൂര്‍ ആയുസ്സുള്ള സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി രാജി വച്ച് തിരികെ വന്ന അജിത് പവാര്‍ മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിലും ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന.  എന്‍സിപിയിലേക്ക് മടങ്ങിവന്ന അജിത്പവാറിനെ ഉപമുഖ്യമന്ത്രി ആക്കുന്ന കാര്യത്തില്‍ ശിവസേനയും എന്‍സിപിയും തമ്മില്‍ ഇതുവരെ ധാരണ രൂപപ്പെട്ടിട്ടില്ല. മന്ത്രിസഭാ വികസനം ഡിസംബര്‍ മൂന്നിന് നടത്തുമ്പോള്‍ സര്‍ക്കാരിന്റെ ഘടന കൂടുതല്‍ വ്യക്തമാവും.

നിരവധി പ്രമഖരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ നേതാക്കളെ ഉദ്ദവ് താക്കറെ ഫോണില്‍ വിളിച്ച് ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ ഇന്നലെ തന്നെ ആദിത്യ താക്കറെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു.